വിഴിഞ്ഞം: മുറിക്കുള്ളിലകപ്പെട്ട രണ്ടുവയസുകാരനെ ഫയർഫോഴ്സ് രക്ഷിച്ചു. ഊരൂട്ടമ്പലം സ്വദേശി സാന്ദ്രയുടെ മകൻ ആദിഷാണ് ഒരു മണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങിയത്. കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സാന്ദ്ര രണ്ടുമാസമായി ബന്ധുവീടായ വെങ്ങാനൂർ പനങ്ങോട് കൈലാസം വീട്ടിലാണ് താമസം. ഇന്നലെ രാവിലെ 9ഓടെ കുട്ടി മുറിയിൽ കയറി കതകിന്റെ താഴത്തെ കൊളുത്തിടുകയായിരുന്നു. കതക് തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മുറിക്കുള്ളിൽ അകപ്പെട്ട ആദിഷ് കരയാൻ തുടങ്ങി. വീട്ടുകാർ കതക് തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ അജയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ സുധീർ, ഫയർമാൻമാരായ രാജേഷ്, സതീഷ്, അമൽരാജ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പൂട്ട് പൊളിച്ച് ആദിഷിനെ പുറത്തെത്തിച്ചു. കുട്ടിക്ക് മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു.