
തിരുവനന്തപുരം: മലയാളികളെ അറബ് സമൂഹത്തിന് പരിചയപ്പെടുത്തിയ വ്യക്തിയാണ് എം.കെ ഗ്രൂപ്പ് ചെയർമാൻ എം.കെ. അബ്ദുള്ള ഹാജിയെന്ന് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ജമാഅത്താലയത്തിൽ സംഘടിപ്പിച്ച എം.കെ. അബ്ദുള്ള ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോഴും അബ്ദുള്ള ഹാജിയുടെ കുടുംബം തൊഴിൽ നൽകുന്നതിലും വികസനം നടത്തുന്നതിലും മുന്നിലാണ്. അബ്ദുള്ള ഹാജിയുടെ ജ്യേഷ്ഠന്റെ മകനായ ഡോ. എം.എ. യൂസഫലി സജീവമായി അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
കേരള മുസ്ലിം ജമാഅത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ്, തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് വേളി വർഗീസ്, മുൻ കൗൺസിലർ ടോണി ഒളിവർ എന്നിവർ സംസാരിച്ചു. പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി പ്രത്യേക പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനം ആലപിച്ചു. എം.മുഹമ്മദ് മാഹീൻ സ്വാഗതവും സക്കീർ ബീമാപള്ളി നന്ദിയും പറഞ്ഞു.