
പാറശാല: പൈപ്പ് പൊട്ടൽ പ്രശ്നം രൂക്ഷമായ പാറശാലയിൽ ഇന്നലെയും പൈപ്പ് പൊട്ടി. കഴിഞ്ഞ ഏതാനും ദിവസം മുൻപ് ദേശീയപാതയിൽ ഇടിച്ചക്കപ്ലാമൂട്ടിൽ പൈപ്പ് പൊട്ടിയതിന് സമീപത്തുനിന്ന് ഇരുപത് അടി മാറിയാണ് ഇന്നലെ പൈപ്പ് പൊട്ടിയത്. ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതിനാൽ പ്രദേശത്ത് കുടിവെള്ള പ്രശ്നം ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ പൊട്ടുന്ന പൈപ്പുകൾ ശരിയാക്കാൻ ജെ.സി.ബിക്ക് റോഡുകൾ കുഴിക്കുകയാണ് പതിവ്. പരശുവയ്ക്കലിലെ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗം മുതൽ ഇടിച്ചക്കപ്ലാമൂട് വരെയുള്ള പൈപ്പ് ലൈനിൽ ഇനി പൊട്ടൻ ഇടമില്ലെന്നാണ് ആക്ഷേപം. അടിക്കടി പൈപ്പ് പൊട്ടുന്നതും കുടിവെള്ളം തടസപ്പെടുന്നതും കാരണം പൈപ്പ് ലൈനിനെ മാത്രം ആശ്രയിച്ച് കഴിയുന്നവർ ബുദ്ധിമുട്ടിലാണ്. കലാവധി കഴിഞ്ഞ എ.സി പൈപ്പുകളായതിനാലാണ് അടിക്കടി പൊട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.