
തിരുവനന്തപുരം: തീർത്ഥാടക ടൂറിസത്തിന് ലോകത്തെല്ലായിടത്തും പ്രാധാന്യമേറുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പേട്ട കല്ലുംമൂട് ശ്രീപഞ്ചമി ദേവീക്ഷേത്രത്തിൽ തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പന്തലും ടോയ്‌ലെറ്റ് ബ്ളോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീർത്ഥാടക കേന്ദ്രങ്ങളുടെ സമീപത്തുള്ള റസ്‌റ്റ് ഹൗസുകളിൽ സർക്കാർ താമസ സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളും ടൂറിസം വകുപ്പും ചേർന്നുള്ളഗ്രാമീണ ടൂറിസം പദ്ധതിയും നടപ്പാക്കിവരുന്നു. ഇതിനായി ത്രിതല സ്ഥാപനങ്ങളുമായി ചേർന്ന് ടൂറിസം വകുപ്പ് ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. ഗോപകുമാർ, സുജാദേവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി
ഡോ. കെ. മുരളീധരൻ നായർ, ക്ഷേത്രം തന്ത്രി പ്രശാന്ത് ജി. നമ്പൂതിരി, പ്രസിഡന്റ് സി.കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി. ബാബു, ജോയിന്റ് സെക്രട്ടറി വി. രവീന്ദ്രൻ, ട്രഷറർ എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി..ഐ. സുബൈർ കുട്ടി സ്വാഗതവും ക്ഷേത്ര സെക്രട്ടറി കെ. ശശിധരൻ നന്ദിയും പറഞ്ഞു.