1

കുളത്തൂർ: ടെക്‌നോപാർക്കിലെ ഇൻകുബേറ്റർ കമ്പനിയായ മിബിസിന്റെ ഇ സേവന പ്ലാറ്റ്‌ഫോമും സൈബർ ഫോറൻസിക് ലബോറട്ടറിയും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എം.ഡി എം.ജി. രാജമാണിക്യം, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ജോൺ എം. തോമസ്, സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്സ് ഒഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടർ കെ. ഗണേഷ് നായക്, മിബിസ് സൈബർ ഫോറൻസിക്സ് ചെയർമാനും എം.ഡിയുമായ വി.ജെ. റെജി വസന്ത് എന്നിവർ പങ്കെടുത്തു.

കേശവദാസപുരത്തെ ട്രിഡ കോംപ്ലക്സിലാണ് മിബിസിന്റെ ഈ സംരംഭങ്ങൾ പ്രവർത്തിക്കുക. പൊതുഭരണം, വിദ്യാഭ്യാസം, സൈബർ ഫോറൻസിക്, ഗവേഷണം, വാണിജ്യം, ആരോഗ്യം, നിയമം, ഗതാഗതം, ധനകാര്യം, വിനോദസഞ്ചാരം, മാനവവിഭവശേഷി തുടങ്ങി പതിനഞ്ചോളം മേഖലകളിലെ സേവനങ്ങൾ ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, സൈബറിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പുകാരെ കണ്ടെത്തുക, സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുക തുടങ്ങിയവയാണ് ലാബ് ലക്ഷ്യമിടുന്നത്. കേരള സ്റ്റാർട്ട്പ്പ് മിഷന്റെ മാർഗനിർദ്ദേശത്തിൽ തുടങ്ങിയ കമ്പനിയാണ് മിബിസ്.