vegitables-

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി തെങ്കാശി ജില്ലയിൽ നിന്ന് വിവിധയിനം പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കാൻ ഉദ്യോഗസ്ഥതല ചർച്ചയിൽ ധാരണയായി. കേരളത്തിലെയും തെങ്കാശിയിലെയും ഉന്നത ഉദ്യോഗസ്ഥർ തെങ്കാശിയിൽ നടത്തിയ ചർച്ചയിലാണ് 6 കർഷകോത്പാദക സംഘങ്ങളിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കാൻ തീരുമാനമായത്. ഡിസംബർ എട്ടിന് ധാരണാപത്രം ഒപ്പിടും.

തമിഴ്നാട് കൃഷിവകുപ്പ് ദിവസേന നിശ്ചയിക്കുന്ന മാർക്കറ്റ് വില അനുസരിച്ചായിരിക്കും സംഘങ്ങൾ പച്ചക്കറികൾ കർഷകരിൽനിന്ന് ശേഖരിച്ച് കൈമാറുക. ഇടനിലക്കാരെ ഒഴിവാക്കുന്നതിനും ന്യായ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങുന്നതിനും കഴിയുമെന്നതാണ് സവിശേഷത. സവാള, ചെറിയ ഉള്ളി, നാരങ്ങ, ശീതകാല പച്ചക്കറികൾ, വെണ്ടയ്ക്ക, അമരക്ക, വെള്ളരി വർഗ്ഗ വിളകൾ, പയർവർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവ സംഘങ്ങളിൽ നിന്ന് ലഭിക്കുമെന്ന് തെങ്കാശിയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവിന്റെ നേതൃത്വത്തിൽ തെങ്കാശി ജില്ലയിലെ കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫീസിലായിരുന്നു ചർച്ച.