@വാദിയെ പ്രതിയാക്കാൻ ഇടപെടലുണ്ടായെന്ന് അമ്മ
മലയിൻകീഴ്: മകളെ രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതായി പരാതി നൽകിയിട്ടും പൊലീസ് പോക്‌സോ നിയമപ്രകാരം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. മുംബയ് മലയാളിയായ മലയിൻകീഴ് സ്വദേശിയാണ് മലയിൻകീഴ് പൊലീസിനെതിരെ പരാതി നൽകിയത്. ഇന്നലെ രാവിലെ 10മണിയോടെ കാട്ടാക്കട ഡിവൈ.എസ്.പി.ഓഫീസിലെത്തിയാണ് ഇവർ മൊഴി നൽകിയത്. പരാതിയിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും തന്നെ കള്ളകേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ഉന്നത ഇടപെടലുണ്ടായെന്നും മൊഴിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് അമ്മയും ഏഴു വയസുള്ള മകളും പരാതിയുമായി മലയിൻകീഴ് സ്റ്റേഷനിലെത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥനായ രണ്ടാനച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
മൊഴിയെടുത്തശേഷം നടത്തിയ മെഡിക്കൽ പരിശോധനയിലും പീഡനം തെളിഞ്ഞു. പിന്നാലെ അമ്മയെയും മകളെയും പൊലീസ് പ്രതി താമസിക്കുന്ന വീട്ടിൽ തന്നെ തിരികെക്കൊണ്ടുവിട്ടു. പ്രതി അവിടെത്തന്നെ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായില്ല. അന്ന് രാത്രി പരാതിക്കാരിയും ഭർത്താവുമായി തർക്കമുണ്ടാകുകയും ഇതിനിടെ ഇയാൾക്ക് കഴുത്തിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും 45 ദിവസം ഇവർ റിമാൻഡിൽ കഴിയുകയും ചെയ്തു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
'കേസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പിക്ക് അയച്ചു.
പോക്സോ കേസിൽ അന്വേഷണം നടത്തണമെങ്കിൽ നിർദ്ദേശം ലഭിക്കണം. നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.'
പ്രശാന്ത്
ഡി.വൈ.എസ്.പി,
കാട്ടാക്കട