തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറിയവരുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും കുത്തേറ്റു. വട്ടിയൂർക്കാവ് ഇലിപ്പോട് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന അനില (43), മകൻ ആബേൽ (21) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. അനിലയും മകനും താമസിക്കുന്ന വീട്ടിലെത്തിയ ആക്രമികൾ ഇവരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അനിലയേയും പിടിച്ച് മാറ്റാൻ വന്ന മകൻ ആബേലിനെയും കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ ഇവർ അലറിവിളിച്ചതോടെ അക്രമികൾ പലവഴിക്കായി രക്ഷപ്പെട്ടു. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. നിലവിളി കേട്ടെത്തിയ സമീപവാസികൾ ഇരുവരെയും ജഗതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി. അനിലയുമായി ബിസിനസ് പരമായി ബന്ധമുള്ള ചിലരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യക്തി വൈരാഗ്യമാണെന്നും സംശയിക്കുന്നുണ്ട്. ഇവർ അനിലയുടെ പരിചയക്കരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. സി.സി ടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിലയേയും മകനേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.