കിളിമാനൂർ: സ്കൂളുകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം മേഖലകളിൽ സ്വകാര്യ ബസുകൾ കൺസെക്‌ഷൻ നൽകുന്നില്ലെന്ന് പരാതി ഉയരുന്നു. ക്ലാസുകൾ ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പല ബസുകളിലെയും ജീവനക്കാർ കുട്ടികളിൽ നിന്ന് പത്തും പതിനഞ്ചും രൂപയാണ് ടിക്കറ്റായി ഈടാക്കുന്നത്.
സ്കൂൾ യൂണിഫോറം ഇട്ടുപോകുന്ന കുട്ടികൾക്ക് തിരിച്ചറിയിൽ കാർഡുകൾ ഇല്ലായെന്ന പേരിൽ കൺസെക്‌ഷൻ നല്കുന്നില്ല. കുട്ടികളെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവങ്ങളും ഉണ്ടായി. നിരന്തരം പരാതി ഉയരുമ്പോഴും ഇതിനെതിരെ നടപടി സ്വീകരിക്കാനോ പരിശോധിക്കാനോ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. കൊവിഡിന് മുൻപ് എല്ലാ വിദ്യാലയങ്ങളിലും ആഴ്ചയിൽ ഒരു ദിവസം മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. കൊവിഡിന് മുൻപ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ നല്കിയിരുന്ന കൺസെക്‌ഷൻ എന്ന അവകാശം സ്വകാര്യ ബസുടമകളും, ജീവനക്കാരും ചേർന്ന് നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുതുടങ്ങിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നതാണ് രക്ഷാകർത്താക്കളുടെ ആവശ്യം.