
തിരുവനന്തപുരം: തിരുവല്ലയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ. വിജയരാഘവനും സി.പി.എം നേതൃത്വവും മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആർ.എസ്.എസിന്റെ തലയിൽ കെട്ടിവച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സി.പി.എം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പിണറായി വിജയന്റെ പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സി.പി.എം നേതാക്കൾ ആർ.എസ്.എസിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ അംഗീകരിക്കാതെ ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊലയിൽ മുൻ എം.എൽ.എയെ സി.ബി.ഐ പ്രതി ചേർത്തതോടെ പ്രതിരോധത്തിലായ സി.പി.എമ്മും സർക്കാരും ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.