
പൂവാർ: ശക്തമായ മഴയെ തുടർന്ന് നെയ്യാറിൽ വെള്ളം കൂടിയതോടെ മാലിന്യത്തിൽ മുങ്ങിയിരിക്കുകയാണ് പൂവാറിലെ പൊഴിക്കര. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മാലിന്യം ബ്രേക്ക് വാട്ടറിൽ ഒഴുകിനടക്കുകയാണ്. പ്ലാസ്റ്റിക്ക് ബോട്ടിലുകളും പഴകിയ തുണികളും കവറുകളുമാണ് അധികവും. മരച്ചില്ലകളും ചപ്പുചവറുകളും കൂട്ടത്തിലുണ്ട്. ചാക്കിലും കവറുകളിലും കെട്ടി പൊതിഞ്ഞ മാലിന്യങ്ങളും വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്. അവയിൽ പലതും ജീർണിച്ചതും ദുർഗന്ധം വമിക്കുന്നതുമാണ്.
നെയ്യാർ അറബിക്കടലിൽ ലയിക്കുന്ന സംഗമ ബിന്ദുവാണ് പൂവാർ പൊഴിക്കര. നദീത്തീരത്തും കടൽ തീരത്തും മാലിന്യം വാരി വിതറിയ പോലെയാണ് കാണപ്പെടുന്നത്. പൊഴിമുറിയുമ്പോൾ കായലിലെ മാലിന്യം കുറച്ച് കടലിലേക്ക് ഒഴുകിയിറങ്ങും. തിരകൾ അവയെ വീണ്ടും കരയ്ക്കെത്തിക്കും.
നെയ്യാർ നദിയും പൊഴിക്കരയും മാലിന്യ മുക്തമാക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് അവർ പറയുന്നത്.
ടൂറിസ്റ്റുകൾ ധാരാളമായി വന്നു പോകുന്ന പൊഴിക്കര മാലിന്യ മുക്തമാക്കാൻ സ്ഥിരം സംവിധാനം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അഹസ്ത്യ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് 56 കിലോമീറ്ററുകൾ താണ്ടിയാണ് നെയ്യാർ നദി പൂവാറിൻ എത്തുന്നത്. നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നു വരുന്ന നദി ദിനംപ്രതി പല കാരണങ്ങളാൽ മലിനമാവുകയാണ്.
കൊവിഡ് മഹാമാരിയെ തുടർന്ന് മാസങ്ങളോളം അടഞ്ഞ് കിടന്ന പൂവാർ പൊഴിക്കര ഉണർന്ന് തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടേയുള്ളു. തുടർച്ചയായി പെയ്തിറങ്ങുന്ന മഴ ടൂറിസ്റ്റുകളുടെ വരവിന് തടസമുണ്ടാക്കുന്നുണ്ട്. എങ്കിലും പൊഴിക്കരയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞാൽ ഒരു പുത്തനുണർവ് പൊഴിക്കരയിൽ സാദ്ധ്യമാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.