അറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ താളം തെറ്റുന്നു. ഡോക്ടറുടെ സേവനം ലഭിക്കാത്തതും മരുന്നുകളുടെ ലഭ്യത ഇല്ലായ്മയുമാണ് വയോജനങ്ങളെ വലയ്ക്കുന്നത്.

മാസത്തിൽ ആദ്യത്തെ ശനിയാഴ്ചയാണ് വയോമിത്രം പദ്ധതിയിലൂടെ ആയിരക്കണക്കിന് നിർദ്ധനരായ വൃദ്ധർക്ക് ഡോക്ടറുടെ സേവനവും പ്രമേഹത്തിനുള്ള ഇൻസുലിൻ അടക്കമുള്ള മരുന്നുകളുടെ വിതരണവും നടന്നിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണ സമയത്ത് ഡോക്ടറുടെ സേവനവും മരുന്ന് വിതരണവും നിറുത്തിയിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഇതുവരെ വയോമിത്രം പദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

ഈ പദ്ധതിയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും പ്രമേഹരോഗികളാണ്. ഇവർക്കുള്ള ഇൻസുലിൻ വിതരണം ചെയ്തിട്ട് മാസങ്ങൾ പലത് കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്ലാതെ കൊവിഡ് വ്യാപനത്തിന് മുൻപ് നൽകിയിരുന്ന മരുന്നുകൾ തന്നെയാണ് ഇപ്പോഴും കൊടുക്കുന്നത്. പരിശോധിച്ച് രോഗവിവരം ഗണിക്കാതെയുള്ള മരുന്നു കഴിക്കൽ കാരണം പലർക്കും ആരോഗ്യ നില വഷളായിരിക്കുകയാണ്. ഇൻസുലിൻ പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്നതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് പലരും അനുഭവിക്കുന്നത്. അടിയന്തരമായി ഡോക്ടറുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയില്ളെങ്കിൽ തങ്ങളുടെ അവസ്ഥ ഏറെ ദയനീയമാകുമെന്ന് പദ്ധതിയിൽ ഉൾപ്പട്ടവർ പറഞ്ഞു.