hg

വർക്കല: പൈതൃകസ്മാരകമായി സംരക്ഷിക്കേണ്ട വർക്കല പേരേറ്റിൽ വഴിയമ്പലം അവഗണനയെ തുടർന്ന് നാശോന്മുഖമാകുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് നിർമ്മിച്ചതായി പറയപ്പെടുന്ന ശിലാനിർമ്മിത വഴിയമ്പലമാണ് ചോർന്നൊലിച്ചും റോഡരികിലെ വെള്ളം പാ‌ഞ്ഞുകയറിയും ഉപയോഗശൂന്യമായത്. മുന്നൂറ് വർഷത്തോളം പഴക്കമുള്ള വഴിയമ്പലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാലപ്പഴക്കത്തിനോടൊപ്പം അധികൃതരുടെ അവഗണനയുമാണെന്നാണ് ജനങ്ങൾ പറയുന്നത്. വഴിയമ്പലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടും സംരക്ഷണ നടപടികളെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു.

വർക്കല -കവലയൂർ റോഡരികിൽ ഒറ്റൂർ പഞ്ചായത്തിലെ പേരേറ്റിൽ

ജംഗ്ഷനിലാണ് വഴിയമ്പലം സ്ഥിതിചെയ്യുന്നത്. 1729നും 1758നും മദ്ധ്യേയാണ് ഇത് സ്ഥാപിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. മാർത്താണ്ഡവർമ്മയുടെ കാലത്ത് കന്യാകുമാരി മുതൽ വർക്കല വരെയുള്ള രാജവീഥിയിൽ നിർമ്മിച്ച 18 വഴിയമ്പലങ്ങളിലൊന്നാണ് പേരേറ്റിലുള്ളത്. തൂണുകളും ചുവരും മേൽക്കൂരയുമെല്ലാം കരിങ്കല്ലിൽ നിർമ്മിച്ച വഴിയമ്പലം പ്രാചീന വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. ചുവരുകളിൽ അലങ്കാരമായി കൊത്തുപണികളുമുണ്ട്. വേണാട് എന്ന ചെറിയ രാജ്യത്തെ തിരുവിതാംകൂർ എന്ന പ്രബലശക്തിയായി മാറ്റാൻ മാർത്താണ്ഡവർമയ്ക്ക് കഴിഞ്ഞതിന്റെ അടയാളങ്ങളാണ് ഈ വഴിയമ്പലങ്ങൾ എന്നാണ് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ചരിത്രം ഇങ്ങനെ.....

യുദ്ധത്തിലൂടെ രാജ്യവിസ്തൃതി വരുത്തിയ മാർത്താണ്ഡവർമ്മ കുറ്റബോധം തീർക്കാനും പാപപരിഹാരത്തിനുമായി അനവധി സത്കർമങ്ങൾ ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 18 വഴിയമ്പലങ്ങളും 18 കിണറുകളും 18 ചുമടുതാങ്ങികളും 18 കുളങ്ങളും 18 പടികളും നിർമിച്ചു. അതിലൊന്നാണ് പേരേറ്രിലേത്. മന്ത്രിയായിരുന്ന രാമയ്യൻ ദളവയുടെ മേൽനോട്ടത്തിലാണ് വഴിയമ്പലങ്ങൾ നിർമ്മിച്ചത്. ഗതാഗത സൗകര്യമില്ലാതിരുന്ന കാലത്ത് കാൽനടയായി എത്തുന്നവർക്ക് വിശ്രമിക്കാനും സാധനസാമഗ്രികൾ തലച്ചുമടായി കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കാനുമായിരുന്നു വഴിയമ്പലങ്ങൾ.

ഇന്നത്തെ അവസ്ഥ

ഇന്ന് ബസ് കാത്തിരിപ്പ് കേന്ദ്രമായാണ് വഴിയമ്പലത്തെ നാട്ടുകാർ ഉപയോഗിക്കുന്നത്. ഏഴുവർഷം മുമ്പ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തശേഷം ഒരിക്കലാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. ഇപ്പോൾ മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലുള്ള ഇവിടെ മഴ അവസാനിച്ചാലും മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം ചോർന്നുകൊണ്ടേയിരിക്കും. ശക്തമായി മഴ പെയ്താൽ മുന്നിലെ ഓടയിലെ വെള്ളം ഒഴുകുന്നതും വഴിയമ്പലത്തിനുള്ളിലൂടെയാണ്. നാട്ടുകാർ നിരന്തരം പ്രതിഷേധം അറിയിച്ചിട്ടും സംരക്ഷിക്കപ്പെടേണ്ട ഈ ചരിത്ര സ്മാരകത്തോട് പുരാവസ്തുവകുപ്പും പ്രാദേശിക ഭരണകൂടവും അവഗണന തുടരുകയാണ്.