flag

പാതയോരങ്ങളിൽ ഗതാഗതത്തിനു തടസമാകുംവിധം സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്നു കാണിച്ച് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി ഇപ്പോഴും കോടതിയുടെ മുന്നിലിരിക്കുകയാണ്. ഈ മാസം 20 ന് വീണ്ടും പരിഗണനയ്ക്കു വരും. നേരത്തെ കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുണ്ട്. കൊടിമരങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിൽ സമവായമുണ്ടാക്കാനായി മുഖ്യമന്ത്രി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. പാതയോരങ്ങളിലെ കൊടിമരങ്ങളിൽ അധികപങ്കും വിവിധ രാഷ്ട്രീയ കക്ഷികളുടെയും അവയ്ക്കു കീഴിലുള്ള വിവിധ സംഘടനകളുടെയും ഉടമസ്ഥതയിലുള്ളതു കൊണ്ടാവാം സർവകക്ഷി സമ്മേളനം വിളിക്കാനുള്ള സർക്കാർ തീരുമാനം. രാഷ്ട്രീയ കക്ഷികൾക്കു പുറമേ മതസ്ഥാപനങ്ങൾക്കും വഴിവക്കിൽ സ്വന്തം കൊടിമരങ്ങളുണ്ട്. അവയും നീക്കം ചെയ്യേണ്ടതുണ്ട്.

പാതകൾക്കിരുവശവും നിരനിരയായി ഉയർന്നുനില്‌ക്കുന്ന കൊടിമരങ്ങൾ വാഹനമോടിക്കുന്നവർക്ക് എത്രമാത്രം അലോസരവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ടെന്ന് കൊടിമരം നാട്ടുന്നവർ ഓർക്കാറില്ല. ഇത്തരം കൊടിമരങ്ങളിൽ ആരെങ്കിലും കൈവച്ചാൽ അതുണ്ടാക്കുന്ന പുലിവാൽ ചില്ലറയൊന്നുമായിരിക്കില്ല. അത്രയധികം വൈകാരിക സംഘർഷത്തിനിടവരുത്തുന്നതാണ് കൊടിയുമായി ബന്ധപ്പെട്ട ഓരോ കാര്യവും. അതുകൊണ്ടാകാം സർവകക്ഷിയോഗം വിളിച്ചുകൂട്ടി ഏവർക്കും സമ്മതമായ തീരുമാനമുണ്ടാക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നത്. കോടതിയും അത് സ്വാഗതം ചെയ്തിട്ടുണ്ട്.

റോഡപകടങ്ങൾക്ക് ഒരു കുറവുമില്ലാത്ത സംസ്ഥാനത്തെ ഇടുങ്ങിയ പാതകളുടെ രണ്ടുവശത്തും കൊടിമരങ്ങൾ ഉയർന്നുനില്‌ക്കുന്നത് സുഗമമായ ഡ്രൈവിംഗിന് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും ജംഗ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ റോഡിനോടു ചേർന്നു സ്ഥാപിക്കുന്ന കൊടിമരങ്ങൾ. ഇവ ധാരാളം അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. ഒരു കക്ഷി കൊടിമരം നാട്ടിയാൽ തൊട്ടടുത്ത് എതിർകക്ഷിയും കൊടിമരവുമായി എത്തും രാഷ്ട്രീയ കക്ഷികൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ അങ്ങനെ നിരനിരയായി കൊടിമരങ്ങൾ ഉയരുന്നത് ഇത്തരത്തിലാണ്. കൊടിമരത്തിനു ബലം നല്‌കാൻ ചുറ്റും തിട്ടകൾ കെട്ടുമ്പോൾ വാഹനങ്ങൾക്കുള്ള ഇടം വീണ്ടും ചുരുങ്ങും. റോഡിനോടു ചേർന്നു നില്‌ക്കുന്ന വൈദ്യുതി തൂണുകളും ടെലിഫോൺ പോസ്റ്റുകളുമൊക്കെ ഇതിനു പുറമേയുള്ള ദുർഘടങ്ങളാണ്. ഡ്രൈവർമാരുടെ ക്ഷമ പരീക്ഷിക്കുന്നവയാണ് റോഡിലെ ഇത്തരത്തിലുള്ള തടസങ്ങൾ. എത്രയോ ഇരുചക്ര വാഹനയാത്രക്കാരാണ് ഇത്തരത്തിലുള്ള കൊടിമരങ്ങളിലും തൂണുകളിലും ഇടിച്ച് മരിച്ചിട്ടുള്ളത്.

സുഗമമായ ഗതാഗതത്തിന് പാതകൾ കൈയേറ്റങ്ങളില്ലാത്ത നിലയിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പാതവക്കുകളിൽ നിരനിരയായി കാണുന്ന കൊടിമരങ്ങളും കാഴ്ചമറയ്ക്കുന്ന ബോർഡുകളുമൊക്കെ സംസ്കാരശൂന്യതയുടെ ലക്ഷണം കൂടിയാണ്. നാടും നഗരവും ഒരുപോലെ വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സാംസ്കാരിക പെരുമയെക്കുറിച്ച് ഉൗറ്റം കൊള്ളുന്നതിൽ അർത്ഥമില്ല.

പാതകൾ വലുതോ ചെറുതോ ആകട്ടെ, അവയ്ക്കിരുവശവും കൈയേറ്റങ്ങളില്ലാതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമാണ്. റോഡിന് കുറുകെ കമാനങ്ങൾ സ്ഥാപിക്കുന്നതിന് കർക്കശ വിലക്കുണ്ട്. എന്നാലും അവിടവിടെ ഉത്സവ സീസണിലും രാഷ്ട്രീയ കക്ഷികളുടെ സമ്മേളന കാലത്തും കൂറ്റൻ കമാനങ്ങൾ കാണാം. സംഘടിത ശക്തികൾക്കു മുൻപിൽ നിയമങ്ങൾ ദുർബലമാകരുത്. തക്കസമയത്ത് നടപടിയെടുക്കാതിരുന്നതു കൊണ്ടാണ് സംസ്ഥാനത്തുടനീളം വഴിവക്കിൽ നീക്കം ചെയ്യാനാകാത്ത രൂപത്തിൽ കൊടിമരങ്ങൾ വ്യാപകമായത്. ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന സംസ്ഥാനത്തെ റോഡുകൾ സുരക്ഷിതമായി നിലനിറുത്താൻ അവ നീക്കം ചെയ്യുകതന്നെ വേണം. സർവകക്ഷിയോഗത്തിനു ശേഷവും അതു സാദ്ധ്യമാവുന്നില്ലെങ്കിൽ സർക്കാരിന്റെ അധികാരമുപയോഗിക്കാൻ ഒട്ടും മടി കാണിക്കരുത്.