
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും സർവീസുകൾ പഴയരീതിയിൽ ആക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. അടൂർ പ്രകാശ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകി. കൊവിഡ് കാലത്ത് നിറുത്തലാക്കിയ പല ട്രെയിനുകളും പൂർവസ്ഥിതിയിൽ ഓടിത്തുടങ്ങിയെങ്കിലും മണ്ഡലത്തിലെ പല സ്റ്റേഷനുകളിലും ഇവയ്ക്ക് സ്റ്റോപ്പ് നൽകിയിട്ടില്ല. പ്രധാന സ്റ്റേഷനുകളായ വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉള്ള ജയന്തി ജനത എക്സ്പ്രസ് ഓടിത്തുടങ്ങാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പുനലൂർ - മധുര പാസഞ്ചർ സ്പെഷ്യൽ ട്രെയിനായി ഓടുന്നതിനാൽ സാധാരണ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പുനലൂർ - കന്യാകുമാരി പാസഞ്ചർ ട്രെയിൻ തിരുവനന്തപുരം വരെ സർവീസ് നടത്തുന്നുണ്ടെങ്കിലും കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ നിറുത്താത്തത് യാത്രാ ക്ലേശം വർദ്ധിപ്പിക്കുക്കുന്നു. ഉദ്യോഗസ്ഥരും തൊഴിലാളികളും സാധാരണ ജനങ്ങളും പ്രധാനമായി ആശ്രയിക്കുന്ന ട്രെയിനാണിത്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും സർവീസുകൾ പഴതുപോലെ ആരംഭിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.