kodiyeri

തിരുവനന്തപുരം:ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, മകൻ ബിനീഷ് കോടിയേരിയുടെ കേസും അറസ്റ്റും വിവാദങ്ങളും തിരഞ്ഞെടുപ്പ് വർഷത്തിൽ കോടിയേരി ബാലകൃഷ്ണനെന്ന തഴക്കവും വഴക്കവുമുള്ള സി.പി.എം സംഘാടകനിൽ പിരിമുറുക്കം സൃഷ്ടിച്ചപ്പോഴാണ് കഴിഞ്ഞ വർഷം നവംബർ 13ന് അദ്ദേഹം സെക്രട്ടറി പദവിയിൽ നിന്ന് അവധിയെടുത്തത്.

ആ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ച് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. സെക്രട്ടറി പദവി ഏറ്റെടുത്തില്ലെന്നേയുള്ളൂ. അനൗദ്യോഗികമായി അദ്ദേഹം തന്നെയായിരുന്നു സി.പി.എമ്മിന്റെ അണിയറയിൽ പാർട്ടി സെക്രട്ടറി. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലും ഇടതുമുന്നണിയോഗങ്ങളിലെ നയപരമായ തീരുമാനങ്ങളിലുമെല്ലാം കോടിയേരിയാണ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് തന്ത്രങ്ങൾ മെനഞ്ഞത്.

2019ലാണ് കോടിയേരിക്ക് അർബുദം സ്ഥിരീകരിച്ചത്. വിദേശ ചികിത്സയ്ക്കും പിന്നീട് തിരുവനന്തപുരത്ത് തുടർ ചികിത്സയുമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ചത്. ഇപ്പോൾ അസുഖം വിട്ടൊഴിഞ്ഞിരിക്കുന്നു. കൊവിഡിൽ ലോകം വിറങ്ങലിച്ച വർഷമാണ് അസുഖവും ചികിത്സയുമൊക്കെ കോടിയേരിയുടെയും കർമ്മജീവിതത്തെ അടച്ചിട്ടത്. പക്ഷേ, എണ്ണമറ്റ സമരമുഖങ്ങളിലൂടെ പോരാട്ടവഴികൾ താണ്ടിയ കോടിയേരിയുടെ മനോധൈര്യത്തിന് മുന്നിൽ രോഗം വഴിമാറി.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടിയേരിക്ക് അർബുദ ചികിത്സയ്‌ക്കായി പാർട്ടി അവധി അനുവദിച്ചത്. ഈ ഘട്ടത്തിലാണ് മകൻ ബിനീഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസും അറസ്റ്റും സൃഷ്ടിച്ച വിവാദങ്ങൾ. പ്രതിപക്ഷം ഇതും ആയുധമാക്കി. തിരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങൾ വെല്ലുവിളിയാകേണ്ടെന്ന് ചിന്തിച്ചാകണം കോടിയേരി അവധിയിൽ പ്രവേശിച്ചത്. മകന്റെ അറസ്റ്റാണ് കാരണമെന്ന് എതിരാളികൾ പ്രചരിപ്പിച്ചു.

മകൻ ഉൾപ്പെട്ട വിവാദങ്ങളുടെ പേരിൽ കോടിയേരി സ്ഥാനമൊഴിയേണ്ടെന്ന് സി.പി.എം നേതൃയോഗങ്ങൾ തുടക്കത്തിൽ തീരുമാനിച്ചിരുന്നു. ബിനീഷിന്റെ കേസ് അയാളുടെയും കുടുംബത്തിന്റെയും പ്രശ്നമാണെന്നും വ്യക്തിയും പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായാൽ പാർട്ടി താല്പര്യമാണ് ഉയർത്തിപ്പിടിക്കേണ്ടത് എന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

പിന്നീട് അദ്ദേഹത്തിന്റെ അവധി പല വ്യാഖ്യാനങ്ങൾക്കും വഴിയൊരുക്കി. സ്വർണക്കടത്ത് കേസുൾപ്പെടെയുണ്ടാക്കിയ വിവാദം സർക്കാരിനും വെല്ലുവിളിയായ സമയമായിരുന്നു. അപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകനെച്ചൊല്ലിയുള്ള വിവാദം കൂടി വേണ്ട എന്ന തോന്നൽ പാർട്ടികേന്ദ്രങ്ങളിലുണ്ടായെന്ന് കരുതുന്നവരുമേറെ. പിന്നീട് ബിനീഷിന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രിയോ പാർട്ടിയോ വിമർശിക്കാത്തതും ചർച്ചയായി.

2019ൽ അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ അവധിയെടുത്തില്ലെന്നിരിക്കെ, പിന്നീടും അവധിയുണ്ടാവില്ലെന്ന തോന്നലുകൾ തെറ്റിച്ചാണ് നാടകീയമായി കോടിയേരിയുടെ അവധി തീരുമാനമെത്തിയത്.