
തിരുവനന്തപുരം: കാർക്കശ്യവും രസികത്വവും സമാസമം. ഒപ്പം നല്ല രാഷ്‌ട്രീയ മെയ്‌വഴക്കവും. കോടിയേരി ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേട്ടം അതാണ്. പാർട്ടിയെയും മുന്നണിയെയും കെട്ടുറപ്പോടെ നയിക്കുന്ന സംഘാടക മികവ് കോടിയേരിക്ക് കൈവന്നതും ഈ സ്വഭാവ ശേഷി കൊണ്ടാകാം.
ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും തട്ടകമായ കണ്ണൂരിലാണ്. അതിന് തൊട്ടുമുമ്പ് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എമ്മിന്റെ പുതിയ അമരക്കാരനെ തിരഞ്ഞെടുക്കേണ്ടത്. പാർട്ടി തുടർഭരണത്തിന്റെ ദശാസന്ധിയിൽ നിൽക്കുമ്പോൾ
എറണാകുളം സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം ഉറപ്പാണെന്നതിന്റെ വിളംബരം കൂടിയാണ് അവധി റദ്ദാക്കിയുള്ള മടങ്ങിവരവ്.
സാങ്കേതികമായി ഇനി മൂന്ന് മാസമേ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനത്ത് കാലാവധിയുള്ളൂ. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം. അതിൽ പുതിയ സെക്രട്ടറി കോടിയേരിയാകാതെ തരമില്ല. ആരോഗ്യപരമോ മറ്റേതെങ്കിലുമോ ആയ പ്രതിസന്ധികൾ ഇപ്പോൾ അദ്ദേഹത്തെ അലട്ടുന്നില്ല. ഇടതുമുന്നണിക്കും അദ്ദേഹം സ്വീകാര്യനാണ്.
തിരിച്ചെത്തിയതിന്റെ കാരണങ്ങൾ
1. സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ സ്ഥിരം സെക്രട്ടറി അനിവാര്യം.
2. കണ്ണൂരിലാണ് 23ാം പാർട്ടി കോൺഗ്രസ്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരിയുടെ സാന്നിദ്ധ്യം ഊർജ്ജം പകരും.
3. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും വിവാദങ്ങളിൽ കുടുങ്ങാതെ ചലിപ്പിക്കാൻ മെയ്വഴക്കമുള്ള നേതാവ്
4. മുഖ്യമന്ത്രിയുമായി ചേർന്ന് കാര്യങ്ങൾ നടപ്പാക്കുന്നതിലും ഘടകകക്ഷികളെ അനുനയിപ്പിക്കുന്നതിലും കാര്യപ്രാപ്തി. എല്ലാവർക്കും സ്വീകാര്യൻ.