
തിരുവനന്തപുരം: മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ സഞ്ജയ് കൗശിക്, ഡോ. കെ. ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കാൻ സർക്കാർ തീരുമാനം. 1992 ബാച്ചിൽപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരാണിവർ. അഡിഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്‌ഷൻ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിവുകൾ വരുന്ന മുറയ്ക്കാവും ഇവർക്ക് പദവി ലഭിക്കുക. 1991 ബാച്ചിൽപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനുള്ള പട്ടികയിലുൾപ്പെടുത്താത്തത് ചർച്ചയായിട്ടുണ്ട്. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയും കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിയുമാണ് തഴയപ്പെട്ടത്. നേരത്തേയുണ്ടായ അച്ചടക്കനടപടി ചൂണ്ടിക്കാട്ടിയാണ് രാജു നാരായണസ്വാമിയെ ഒഴിവാക്കിയത്. സാങ്കേതിക തടസങ്ങളാണ് ഇഷിത റോയിക്ക് വിനയായത്. അടുത്തിടെയാണ് സഞ്ജയ് കൗശിക് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയത്. വ്യവസായ-നോർക്ക വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇളങ്കോവൻ. ബിശ്വനാഥ് സിൻഹ പദ്ധതിനിർവഹണം, തദ്ദേശസ്ഥാപനം (അർബൻ) വകുപ്പുകളുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയാണ്.