തിരുവനന്തപുരം: നികുതി കുടിശിക സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നഗരസഭ നടത്തിയ അദാലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ നികുതിദായകർ ആശ്വാസത്തിൽ. നികുതി അടച്ചിട്ടും സാങ്കേതിക തകരാർ കാരണം ആയിരങ്ങളും ലക്ഷങ്ങളും കുടിശിക കാണിച്ചവർക്കാണ് അദാലത്തിലൂടെ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്.
4000 രൂപ കുടിശിക കാണിച്ച ജഗതി സ്വദേശി ശശിധരൻ നായരും മൂന്ന് ലക്ഷം കുടിശിക കാണിച്ച നെടുങ്കാട് സ്വദേശി അശോക് കുമാറും ആശങ്കയോടെയാണ് വന്നതെങ്കിലും അദാലത്തിലെ തീർപ്പിലൂടെ ഇവരുടെ മുഖത്ത് പുഞ്ചിരി പരന്നു. 326 പരാതികൾ ഓൺലൈനായി ലഭിച്ചതിൽ മുഴുവൻ പരാതികളും തീർപ്പാക്കി. ഇതിൽ ഉൾപ്പെട്ട 19 പേരും മുമ്പ് പരാതി നൽകാത്ത 31 പേരും നേരിട്ട് പരാതി നൽകിയ ശേഷം അദാലത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ പരാതികളും പരിഹരിച്ചു.
മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ എന്നിവർ മൂന്ന് കൗണ്ടറുകളിലായിരുന്നാണ് പരാതി തീർപ്പാക്കിയത്. നികുതി അടച്ചത് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ആകാത്തതിനാലാണ് പലർക്കും കുടിശിക കാണിച്ചിരുന്നത്. പ്രശ്ന പരിഹരാത്തിനായി എല്ലാ വാർഡുകളിലും നികുതി കുടിശിക ഉള്ളവരുടെ ലിസ്റ്ര് നഗരസഭ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പരാതി ഉള്ളവരാണ് ഇന്നലെ അദാലത്തിനെത്തിയത്.
എല്ലാ മാസവും കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കും
ഇനി മുതൽ എല്ലാ മാസവും 10ന് മുമ്പ് വാർഡ് അടിസ്ഥാനത്തിൽ കുടിശിക ലിസ്റ്റ് ഓൺലൈനായി പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കാൻ സാധിക്കാത്തവർക്ക് പേരും ടി.സി നമ്പരുമായി സോണൽ ഓഫീസിൽ എത്തിയും ലിസ്റ്റ് പരിശോധിക്കാം. പരാതിയുള്ളവർ സോണൽ ഓഫീസുമായി നഗരസഭാ കാര്യാലയവുമായോ ബന്ധപ്പെടണം. ലിസ്റ്റിന്റെ പ്രസിദ്ധീകരണത്തിനും പരിശോധനയ്ക്കും വേണ്ടി മൊബൈൽ ആപ്പ് ആവിഷ്കരിക്കാനുള്ള പദ്ധതിയും നഗരസഭ ആലോചിക്കുന്നുണ്ട്.
എല്ലാ നികുതിയും ഓൺലൈനാക്കും: എം.വി. ഗോവിന്ദൻ
തദ്ദേശ സ്ഥാപനങ്ങളിൽ അടുത്തവർഷത്തോടെ എല്ലാ നികുതിയടവും ഓൺലൈനാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ആദാലത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നികുതി അടയ്ക്കുന്നതിൽ കൂടുതൽ സുതാര്യത വരുത്താനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. നഗരസഭയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ഈ നിലപാട് അവർ തിരുത്തണമെന്നും മന്ത്രി പറഞ്ഞു.
പ്രചാരണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു: മേയർ
ആരോപണം ഉന്നയിച്ച് ചിലർ നടത്തിയ സമരനാടകങ്ങളും പ്രചാരണങ്ങളും വ്യാജമാണെന്ന് അദാലത്തിലൂടെ തെളിഞ്ഞതായി
മേയർ ആര്യ രാജേന്ദ്രൻ. ചില ജീവനക്കാർ നടത്തിയ പണാപഹരണവുമായി ബന്ധപ്പെട്ട് ഭരണസമിതിയെ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാക്കുന്ന തരത്തിൽ ചിലർ നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ അത്, ഒടുക്കിയ നികുതി വിശദാംശങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിൽ വന്ന കാലതാമസമാണെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും ഭരണസമിതി അറിയിച്ചിരുന്നു. നഗരസഭയിൽ കഴിഞ്ഞ വർഷം ഇതേ മാസം ലഭിച്ച നികുതി തുകയുടെ ഏകദേശം ഇരട്ടിയോളം തുക ഈ മാസം ലഭിച്ചത് ജനങ്ങൾ നഗരസഭയോടൊപ്പമാണെന്നതിന്റെയും വ്യാജ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെയും തെളിവാണെന്നും മേയർ പറഞ്ഞു.