railway

തിരുവനന്തപുരം: ശബരിപാതയടക്കം റെയിൽവേ വികസന പദ്ധതികളെക്കുറിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺതോമസുമായി ചർച്ച നടത്തി. വിവിധ റെയിൽവേ ഓവർബ്രിഡ്ജുകൾക്ക് ഭൂമിയേറ്റെടുക്കുന്നതും അനുമതി നൽകുന്നതുമടക്കം 50 വിഷയങ്ങൾ ചർച്ചാ വിഷയമായി. ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് രണ്ട് മാസത്തിനകം റെയിൽവേയ്ക്ക് നൽകുമെന്ന് കേരളം അറിയിച്ചു. ഇതിനായി റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്ത കമ്പനിയായ റെയിൽവേ വികസന കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ) ചെറുവിമാനമുപയോഗിച്ച് ആകാശ സർവേ നടത്തും. പാതയുടെ 41 കിലോമീറ്ററിലാണ് സർവേ പൂർത്തിയാവാനുള്ളത്. ശബരിപാത യാഥാർത്ഥ്യമാക്കാനായി ഭൂമിയേറ്റെടുക്കൽ ചെലവുകൾക്കായി ഭൂമിവിലയുടെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടിയിരുന്നത് കേരളം ഒഴിവാക്കിയിട്ടുണ്ട്. 900 കോടിയിലേറെയാണ് ഭൂമിയേറ്റെടുക്കൽ ചെലവ്. എസ്റ്റിമേറ്റ് പുതുക്കുമ്പോൾ പദ്ധതി ചെലവ് 3500 കോടിയായി ഉയരുമെന്നത് കണക്കിലെടുത്താണിത്.