
തിരുവനന്തപുരം: കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകർ. കെ.എസ്.ആർ.ടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കോടതിയിലെ കേസും സർക്കാർ നിലപാടും അനുസരിച്ചായിരിക്കും കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരും. ചില ബസുകളിൽ സ്വിഫ്‌റ്റിന്റെ ബോർഡ് വച്ചത് അബദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
തേവരയിൽ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ വോൾവോ ബസുകൾ നശിക്കുന്നുവെന്ന സമൂഹമാദ്ധ്യമ പ്രചാരണം തെറ്റാണ്. ജൻറം സ്‌കീം അനുസരിച്ച് 2009-12 കാലയളവിൽ വാങ്ങിയ 80 ലോഫ്ലോർ എ.സി വോൾവോ ബസുകളാണിത്. സിറ്റി സർവീസിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ ദീർഘദൂര സർവീസിന് വേണ്ടി ശ്രമിക്കുകയാണ്. കൊവിഡ് ആരംഭിച്ചതിന് ശേഷം എ.സി ബസുകളിൽ യാത്രക്കാർ കയറാത്തതും തിരിച്ചടിയായി. മൊത്തം 190 ബസുകളിൽ 80 എണ്ണം മാത്രമാണ് ഓഫ് റോഡ് ആയിട്ടുള്ളത്..
കെ.എസ്.ആർ.ടി.സി വരുമാനത്തിൽ 121 കോടി രൂപ ലഭിക്കുമ്പോൾ 5 കോടി രൂപ ബാങ്കുകൾ സ്വമേധയായി തിരിച്ചു പിടിച്ചു. ബാക്കി 116 കോടി രൂപയാണ് നവംബറിൽ ഉണ്ടായിരുന്നത്. അതിൽ നിന്നും ശമ്പളത്തിനായി 60 കോടി നൽകിയാൽ ബാക്കി 56 കോടി രൂപയാണുളളത്. 121 കോടിയുടെ പകുതിയോളം ഡീസലിന് കൊടുക്കണം. അങ്ങനെയുള്ളപ്പോൾ ബസുകൾ റിപ്പയർ ചെയ്യാൻ എങ്ങനെ പണം കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു.