general

ബാലരാമപുരം: ഗീതാഞ്ജലി സാംസ്കാരിക വേദിയുടെ മുപ്പത്തിരണ്ടാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ മണലൂരിന്റെ നേതൃത്വത്തിൽ നടന്ന കവിയരങ്ങോടെ ആരംഭിച്ച ചടങ്ങിൽ യു.വി. നീതു രചിച്ച വിഫലമീയാത്ര എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഡി. സുരേഷ്‌കുമാർ ഡോ. ചായം ധർമ്മരാജന് നൽകി നിർവഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക വേണുകുമാർ (കവിതാ സമാഹാരം), ഡോ. ജി.രാജേന്ദ്രൻ പിള്ള (പ്രഭാഷണം), ഡോ. പ്രേംകുമാർ (കല), ബൈജു കുറിച്ചി (അദ്ധ്യാപകസാഹിത്യം), നീതു യു.വി (നോവൽ), ഗിരീഷ് പരുത്തിമഠം (മാദ്ധ്യമം ), ഹരി ചാരുത (മാദ്ധ്യമം), സമഗ്ര സാഹിത്യ സംഭാവനയ്ക്ക് ശ്യാമപ്രസാദ് എസ്. കോട്ടുകാൽ, പ്രതിഭാ പുരസ്കാരങ്ങൾ എസ്.ബി. അഞ്ജന,​ ആദിത്യദാസ്, ജി.എസ്. കൈലാസ് നാഥ് എന്നിവർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ, എസ്.എം.സി ചെയർമാൻ വി. മനു എന്നിവർ മുഖ്യാതിഥികളായി. പുരസ്കാരം ലഭിച്ചവർ നേമം ഗവ.യു.പി സ്കൂളിന്റെ പുസ്തകച്ചുമരിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. ഗീതാഞ്ജലിക്കു വേണ്ടി തലയൽ മനോഹരൻ നായർ നൂറ് പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. നേമം യു.പി.എസ് പ്രഥമാദ്ധ്യാപകൻ എ.എസ്. മൻസൂർ അദ്ധ്യക്ഷത വഹിച്ചു. തലയൽ മനോഹരൻ നായർ സ്വാഗതവും ശ്യാമപ്രസാദ് എസ്. കോട്ടുകാൽ നന്ദിയും പറഞ്ഞു.