
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് പുറത്തുവിട്ടേക്കും. ഇന്നലെ ഉച്ചയ്ക്ക് പട്ടിക പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും കണക്കുകൾ പൂർണമായി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകർ കൂടി ഉൾപ്പെടുന്നതോടെ പട്ടികയിൽ 5000 പേർ ഉണ്ടാകുമെന്നാണ് വിവരം. ഇന്ന് രാവിലെ 9ന് മന്ത്രി ഔദ്യോഗിക വസതിയിൽ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വാക്സിനെടുക്കാത്തവർ ആഴ്ചയിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി അതിന്റെ ഫലം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്രയും പേർ വാക്സിൻ എടുക്കാതിരുന്നത്. ഇവർക്കെതിരെ പകച്ചർവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയവർ ഹാജരാക്കിയ രേഖകൾ മെഡിക്കൽ ബോർഡിനെക്കൊണ്ട് പരിശോധിപ്പിക്കും. ഇവർ ബോർഡിന് മുമ്പിൽ ഹാജരാകണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ വാക്സിൻ എടുക്കണം. വിസമ്മതിച്ചാൽ വകുപ്പുതല നടപടി സ്വീകരിക്കും. വാക്സിനെടുക്കാത്തവരെ ശമ്പളമില്ലാതെ നിർബന്ധിത അവധിയിലാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നിയമവശങ്ങൾ പരിശോധിച്ച് മാത്രമെ നടപടി തീരുമാനിക്കൂ. വിശദമായ ഉത്തരവ് സർക്കാർ പിന്നീട് ഇറക്കിയേക്കും.