d

തിരുവനന്തപുരം: മഴക്കെടുതിയും ഇന്ധനവില വർദ്ധനവും കാരണമുള്ള വിലക്കയറ്റം മറയാക്കി പച്ചക്കറിക്കടകളിൽ നടക്കുന്നത് പകൽക്കൊള്ള. വിലക്കയറ്റത്തിന്റെ പേരിൽ ഓരോ പ്രദേശങ്ങളിലെയും ചെറുകിട കച്ചവടക്കാർ തങ്ങൾക്ക് ഇഷ്ടമുള്ള വിലയാണ് സാധനങ്ങൾക്ക് ഈടാക്കുന്നതെന്നാണ് ആക്ഷേപം. പാളയം മാർക്കറ്റിൽ ഉള്ളതിനേക്കാൾ പത്തും ഇരുപതും ഇരട്ടിയാണ് പലയിടത്തും വിലയായി ഈടാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്താൻ ഹോർട്ടികോർപ്പ് സ്റ്റാളുകൾ വഴി സർക്കാർ കുറഞ്ഞവിലയ്ക്ക് പച്ചക്കറി വില്പന നടത്തുന്നുണ്ടങ്കിലും അതൊന്നും വിലപ്പോകുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

പലസാധനങ്ങൾക്കും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാർ കൂടിയ വില ഈടാക്കുന്നുണ്ട്. തക്കാളി കിലോയ്ക്ക് ഹോർട്ടികോർപ്പ് 49 രൂപ ഈടാക്കുമ്പോൾ മറ്റ് വിപണികളിൽ 80 -100 രൂപ നൽകണം. ഇടനിലക്കാരുടെ കഴുത്തറുപ്പൻ കൊള്ളയ്ക്ക് ചെറുകിട കച്ചവടക്കാരും കുടപിടിക്കുന്നതായാണ് ആക്ഷേപം. ക്ഷാമം നേരിടാത്ത സവാളയ്ക്ക് പോലും 45-50 രൂപ വരെ ചെറുകിട കച്ചവടക്കാർ ഈടാക്കുന്നുണ്ട്.

സ്റ്റാളുകളില്ലാതെ ഹോർട്ടിക്കോർപ്പ്

കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വില്പന നടത്തുന്ന ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾ കുറവായതാണ് കച്ചവടക്കാരുടെ അമിത ചൂഷണത്തിന് കാരണം. സംസ്ഥാനത്താകെ 156 ഔട്ട്ലെറ്റുകൾ മാത്രമേ ഹോർട്ടികോർപ്പിനുള്ളൂ. ഗ്രാമ പ്രാദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലാണ് ഹോർട്ടികോർപ്പിന് സ്റ്റാളുകൾ കൂടുതലുള്ളത്. ജില്ലയിലെ പകുതിയിലേറെ പഞ്ചായത്തുകളിലും

ഹോർട്ടികോർപ്പിന് വില്പന കേന്ദ്രങ്ങളില്ല. ഇതും ജനങ്ങളെ അമിതവില കൊടുത്ത് പച്ചക്കറി വാങ്ങാൻ നിർബന്ധിതരാക്കുന്നു. എത്ര വില കൊടുത്താലും സാധനങ്ങൾ വാങ്ങാൻ ആൾക്കാർ ഉണ്ടെന്നതാണ് കരിഞ്ചന്തക്കാർക്ക് സഹായകരമാകുന്നത്. ലീഗൽ മെട്രോളജിയോ മറ്റു സർക്കാർ സംവിധാനങ്ങളോ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ നടപടികൾ ചോദ്യം ചെയ്യാനും തയ്യാറാകുന്നില്ല.

ഇന്നലത്തെ വില

(ഇനം -ഹോർട്ടികോർപ്പ് വില - പൊതുവിപണി)

അമര - 49- 90
കത്തിരി - 45- 85
വഴുതന - 59- 95
വെണ്ട - 31- 72
പാവയ്ക്ക - 60 -104
പയർ -75 -108
പടവലം - 38 -75
വലിയ മുളക് -118 -240
ചെറിയ മുളക് - 39 -86
കാരറ്റ് - 52 -94
തക്കാളി - 49 -95
വെള്ളരി -27 -82
ബീറ്റ്റൂട്ട് - 29- 78
മുരിങ്ങയ്ക്ക- 89 -140
കാബേജ് - 25 -82
മത്തൻ -15- 40
ബീൻസ് - 63 -85
സവാള - 32 -40