നഴ്സിനെ മാത്രം പ്രതികൂട്ടിലാക്കി ഡി.എം.ഒയുടെ റിപ്പോർട്ട്

ആര്യനാട് : ടി.ടി എടുക്കാനെത്തിയ കുട്ടികൾക്ക് ആ​ര്യ​നാ​ട് ​കമ്മ്യൂ​ണി​റ്റി​ ​ഹെ​ൽ​ത്ത് സെന്ററിൽ കൊവീഷീൽഡ് വാക്‌സിൻ നൽകിയ സംഭവത്തിൽ കുത്തിവയ്പ്പെടുത്ത ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രാജിയെ മാത്രം സ‌സ്‌പെൻഡ് ചെയ്ത് മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഡ്യൂട്ടി ഡോക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ട‌ർ, ആശാവർക്കർ എന്നിവർ അനുമതി നൽകിയാൽ മാത്രമേ നഴ്സിന് കുത്തിവയ്‌പ്പ് എടുക്കാനാകൂ. എന്നാൽ നഴ്സിനെതിരെ മാത്രമാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

കൊവി‌ഡ് വാക്‌സിനെടുക്കാൻ ഒ.പി ടിക്കറ്റെടുത്ത് ഒരാളെത്തിയാൽ ആദ്യം ഡ്യൂട്ടി ഡോക്ടറെ കാണണം. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർ ചോദിച്ച് മനസിലാക്കി ഒ.പി ടിക്കറ്റിൽ ഏത് വാക്‌സിനാണെന്ന് രേഖപ്പെടുത്തും. തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ അടുത്ത് എത്തി ആധാർ കാണിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷമാണ് കുത്തിവയ്‌പ് സ്ഥലത്തേക്ക് അയയ്ക്കുന്നത്. ഏത് സമയത്തും കുത്തിവയ്പ് എടുക്കുന്ന നഴ്സ് ഒ.പി.ടിക്കറ്റ് പരിശോധിച്ച് അതിൽ പറയുന്ന മരുന്ന് എടുത്ത് നൽകണം. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് നഴ്സുമാർ ഒ.പി ടിക്കറ്റ് പരിശോധിക്കാറില്ല. ആശാവർക്കർമാരെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ മൂന്നുഘട്ടവും കഴിഞ്ഞെത്തുന്നവരെയാണ് നഴ്സുമാർ കുത്തിവയ്ക്കുന്നതെന്നിരിക്കെ നഴ്സ് മാത്രം കുറ്റക്കാരിയാകുന്നത് എങ്ങനെയെന്നാണ് നഴ്സുമാരുടെ സംഘടന ഉന്നയിക്കുന്ന ചോദ്യം.

വിശ്രമമില്ലാതെ പണിയെടുത്ത നഴ്സ്

ഒരു വർഷത്തോളം വിശ്രമമില്ലാതെ വാക്സിനേഷനിൽ പങ്കാളിയായ ജെ.പി.എച്ച്.എൻ രാജിക്കെതിരെ നടപടിയുണ്ടായതിൽ സഹപ്രവർത്തകർ അസംതൃപ്തരാണ്. 25,000ൽ ഏറെ പേർക്ക് ഇവർ ഇതിനോടകം കൊവിഡ് വാ‌ക്‌സിൻ നൽകിയിട്ടുണ്ട്. ആര്യനാട്, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, പറണ്ടോട്, തൊളിക്കോട്, മേഖലകളിൽ നിന്ന് നിരവധി പേരാണ് ആര്യനാട് ആശുപത്രിയിലെത്തി കൊവിഡ് വാക്സിൻ സ്വീകരിച്ചത്. അപ്പോഴെല്ലാം കാര്യക്ഷമമായി പ്രവർത്തിച്ച നഴ്സിനെയാണ് ബലിയാടാക്കിയതെന്നും ജീവനക്കാർ പറയുന്നു.