
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ ഏർപ്പെടുത്തിയ ധന്യ സാരഥ്യ രജത ജൂബിലി പുരസ്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ. പ്രസന്നകുമാറിന് ലഭിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ നിഷേധങ്ങൾക്കും സംവരണ അട്ടിമറികൾക്കുമെതിരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡ്. പിന്നാക്ക സമുദായങ്ങൾക്കെതിരെ രാഷ്ട്രീയ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന ഗൂഢാലോചനകളുടെ ഉള്ളുകള്ളികൾ തുറന്നുകാണിച്ച റിപ്പോർട്ടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അരുമാനൂർ കല്ലുതട്ട് വീട്ടിൽ പരേതരായ എസ്. കേശവന്റെയും (റിട്ട. ചീഫ് ട്രാഫിക് മാനേജർ, കെ.എസ്.ആർ.ടി.സി) കെ. കസ്തൂരി ബായിയുടെയും മകനാണ് പ്രസന്നകുമാർ. ഭാര്യ: ഡോ. എസ്.ആർ. ശ്രീജ. മക്കൾ: ഗോകുൽ, ഗൗതം.
നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷും സെക്രട്ടറി തോട്ടം പി. കാർത്തികേയനും അറിയിച്ചു.