
പാറശാല: വർഷങ്ങൾക്ക് മുൻപ് മഴയിൽ തകർന്ന ചെങ്കൽ പഞ്ചായത്തിലെ പോരന്നൂർ ഏലായിലെ തച്ചം വിളാകം - വണ്ടിച്ചിറ തോട് ബണ്ട് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ നെയ്യാറ്റിൻകര മേജർ ഇറിഗേഷൻ ചാനൽ സബ്ഡിവിഷൻ ഓഫീസ് പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ച മുൻപ്കർഷകർ ഓഫീസിൽ എത്തി സമരം ചെയ്തതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച അസിസ്റ്റൻറ് എൻജിനിയർ എസ്റ്റ്മേറ്റ് തയാറാക്കിയ ശേഷം ഒരാഴ്ചക്കകം പണി തുടുങ്ങുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഓഫീസ് പടിക്കൽ ആറ് മണിക്കൂറോളം കുത്തിയിരുപ്പ് സമരം നടത്തിയത്. അടിയന്തരമായിട്ട് തന്നെ ബണ്ട് നിർമ്മണ ജോലികൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കർഷകർ സമരം അവസാനിപ്പിച്ചത്. കർഷകരായ ഹെലൻ ബാബു, വൈ.ആർ. വിൻസെന്റ്, തച്ചക്കുടി ഷാജി, സാം രാജ്, സുരേന്ദ്രൻ, സുധാകരൻ, പുന്നയ്ക്കാട് സജു തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.