mayor

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ദമ്പതികളെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. ഇന്നലെ രാത്രി 8 മണിയോടെ ജഗതിക്ക് സമീപത്തായിരുന്നു സംഭവം. പൂജപ്പുര പൂജ അപ്പാർട്ട്മെന്റിലെ താമസക്കാരായ കൃഷ്ണകുമാർ(65),​ ഭാര്യ മിനികുമാരി(54) എന്നിവർക്കാണ് പരിക്കേറ്റത്. മിനികുമാരിക്ക് തലയ്ക്കായിരുന്നു പരിക്ക്. കൃഷ്ണകുമാറിനും നിസാര പരിക്കുണ്ട്. ഇവർ സഞ്ചരിച്ച ബൈക്കിൽ പിന്നാലെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ദമ്പതികൾ റോഡിൽ തെറിച്ചുവീണെങ്കിലും ഇടിച്ച ബൈക്ക് നിറുത്താതെ പോയി. തൊട്ടുപിന്നാലെ ഇതുവഴി എത്തിയ മേയർ അവിടെ ഇറങ്ങി ഇരുവരെയും താങ്ങിയെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയശേഷം സമീപത്തെ ജൂബിലി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.