 അധികൃതരും ക്യാമ്പിലുള്ളവരും തമ്മിൽ നേരിയ സംഘർഷം

തിരുവനന്തപുരം: വലിയതുറ വലിയതോപ്പ് സെന്റ് റോക്‌സ് കോൺവെന്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ

പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് ക്ളാസ് മുറികളിൽ നിന്ന് പുറത്താക്കി. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. വീടും 25 ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്‌കൂൾ ഗ്രൗണ്ടിൽ തുടർന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസും തഹസീൽദാരും സ്ഥലത്തെത്തി.

ഇന്നലെ വൈകിട്ട് 5ഓടെ സബ് കളക്ടറും എ.ഡി.എമ്മും സ്‌കൂൾ അധികൃതരുമെത്തി ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോഴും സംഘർഷമുണ്ടായിരുന്നു. തങ്ങൾക്ക് പോകാൻ സ്ഥലമില്ലെന്നും ക്യാമ്പിൽ തുടരുമെന്നാണ് ഇവർ അപ്പോൾ പറഞ്ഞത്. മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്നാണ് അധികൃതരും ക്യാമ്പിലുള്ളവരുമായി വാ‌ക്കുതർക്കവും നേരിയ സംഘർഷവുമുണ്ടായത്. വാക്കുതർക്കം ശക്തമായപ്പോൾ സബ് കളക്ടറും എ.ഡി.എമ്മും തിരികെപ്പോയെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസും മറ്റുള്ളവരും ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. കടൽക്ഷോഭത്തിൽ വീട് തകർന്ന 16 കുടുംബങ്ങളാണ് എൽ.പി വിഭാഗം കെട്ടിത്തിലും ഓഡിറ്രോറിയത്തിലുമായി കഴിയുന്നത്. ഒരു വർഷത്തോളമായി ക്യാമ്പിൽ താമസിക്കുന്നവരുമുണ്ട്. ഇവരുള്ളതുകാരണം കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. തക്കതായ നഷ്ടപരിഹാരവും താമസിക്കാൻ വീടും ലഭിച്ചില്ലെന്നാണ് ക്യാമ്പിലുള്ളവരുടെ മറുപടി.