
പാലോട്: സൈഡ് കൊടുക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസ് പൈപ്പ് ലൈൻ കുഴിയിലേക്ക് താഴ്ന്നു. പവ്വത്തൂർ തോട്ടുംപുറത്ത് കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത് മൂടിയ കുഴിയിലേക്കാണ് പാലോട് ഡിപ്പോയിൽ നിന്നുള്ള ആർ.ആർ.സി 158-ാം നമ്പർ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ താഴ്ന്നത്. പാലോട് നിന്ന് പവ്വത്തൂർ വഴി നെടുമങ്ങാട്ടേക്ക് പോകുന്ന ബസാണ് കുഴിയിലേക്ക് താണത്. സാധാരണ ധാരാളം യാത്രക്കാർ ഉണ്ടാകുമെങ്കിലും അപകടം നടക്കുമ്പോൾ അഞ്ചോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മാസങ്ങൾക്ക് മുൻപ് പൈപ്പിടൽ പൂർത്തിയായ കുഴികൾ മൂടിയെങ്കിലും ഇതറിയാതെ അപകടത്തിൽ പെടുന്ന വാഹനങ്ങൾ നിരവധിയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.