manalilroad

മുടപുരം: തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ മിക്ക ഗ്രാമീണ റോഡുകളും തകർന്നു, കാൽനട - വാഹന യാത്രാദുരിതം പൂർണമാക്കി. ടാർ ചെയ്ത പി.ഡബ്ല്യു.ഡി, പഞ്ചായത്ത് റോഡുകൾക്ക് പുറമേ അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ നൂറോളം തകർന്ന ഗ്രാമീണ റോഡുകളുണ്ട്. പ്രധാന റോഡുകളിൽ നിന്ന് വീടുകളിലേക്ക് പോകാനുള്ള ചെറിയ റോഡുകളാണിവ.

മണ്ണ് ഇളകി ഒലിച്ചുപോയി വെള്ളക്കെട്ടുകളായി മാറിയ ഈ റോഡുകൾ വഴി വാഹന കാൽനടയാത്ര ദുഷ്കരമായിരിക്കുകയാണ്. സൈക്കിൾ, ബൈക്ക് യാത്രക്കാർ ഏറെ കഷ്ടപ്പെടുകയാണ്. പല റോഡുകളും ഇപ്പോൾ വെള്ളക്കെട്ടുകളാണ്. കിഴുവിലം പഞ്ചായത്തിലെ മുടപുരം മണലിൽ തോടിന്റെ കര ഇടിഞ്ഞ് തോട്ടിലേക്ക് വീണതിനാൽ റോഡ് അപകടാവസ്ഥയിലായി. വാഹന യാത്ര ദുഷ്കരമായതിനാൽ തോടിന്റെ സൈഡ് വാൾ നിർമിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.