ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അ‌ജ്ഞാത മൃതദേഹം കരയ്‌ക്കടിഞ്ഞു. ഹാർബറിലെ പെരുമാതുറ ഭാഗത്തെ പുലിമുട്ടിൽ കുരുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ കണ്ടെത്തിയ രണ്ടാമത്തെ മ‌ൃതദേഹമാണിത്.

പാറയിടുക്കിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് കോസ്റ്റൽ പൊലീസും കോസ്റ്റർ വാർഡന്മാരുടെയും നേതൃത്വത്തിലുള്ള സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെത്തെ സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.