
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ- നേതാജി റോഡിലൂടെ ആദ്യമായി യാത്രചെയ്യുന്നവർ ഒന്ന് സംശയിക്കും. ഇത് റോഡ് തന്നെയാണോ... അതോ കണ്ടമോ....? അത്രയധികം ശോച്യാവസ്ഥയിലാണ് വർഷങ്ങളായി റോഡ്. കുണ്ടും കുഴിയും നിറഞ്ഞ ഇവിടെ മഴപെയ്താലുടൻ ചെളിക്കളമാകും. ഇതോടെ കാൽനട യാത്രപോലും ദുഃസഹമാകും.
റെയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ്, ട്രഷറി, സബ് രജിസ്ട്രാർ ഒാഫീസ്, ആധാരം എഴുത്ത് ഓഫീസുകൾ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളിലേക്ക് പോകാനുള്ള പ്രധാന മാർഗമാണ് ഈ റോഡ്. എന്നാൽ ഇക്കാര്യം അധികൃതർ മാത്രം വിസ്മരിക്കുകയാണ്. വിഷയത്തിൽ പലതവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും കണ്ണടച്ച് ഇരുട്ടാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഇരുചക്രവാഹനങ്ങളും കാൽനടയാത്രികരും റോഡിലെ ചെളിയിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ ഇരുവശത്തും വളർന്നുനിൽക്കുന്ന മരങ്ങളും കുറ്റിക്കാടുകളും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമായതും ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണമെന്നുമാണ് ഇവരുടെ ആവശ്യം.