വക്കം: വക്കം ഗ്രാമപഞ്ചായത്ത് കേരള ഹരിത മിഷന്റെ ഗ്രീൻ സോണിൽ ഇടം നേടിയത് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ശക്തമായ ഇടപെടലാണെന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ശുചിത്വമിഷൻ നിഷ്കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വക്കം ഗ്രാമപഞ്ചായത്ത് ഗ്രീൻ സോണിൽ എത്തിയത്.
14 വാർഡുകളിലെ 1500 ലധികം വീടുകളിൽ നിന്നും, 100 ഓളം കടകളിൽ നിന്നും ഹരിത കർമ്മസേന മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത് സൂക്ഷിക്കാൻ എല്ലാ വാർഡുകളിലും മിനി എം.സി.എഫും നിലയ്ക്കാമുക്കിൽ എം.സി.എഫും സ്ഥാപിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ വക്കം മങ്കുഴി മാർക്കറ്റിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ തുമ്പൂർ മോഡലിൽ മാലിന്യ സംസ്കരണ പ്ലാന്റും സജ്ജമാക്കി. വക്കം ഗ്രാമപഞ്ചായത്തിനെ ഗ്രീൻ സോണിൽ എത്തിക്കുന്നതിൽ ഹരിത കർമ്മസേനയ്ക്ക് പുറമേ ശുചിത്വ മിഷൻ റിസോഴ്സ് അംഗങ്ങൾ, വ്യാപാരികൾ, റസിഡന്റ്സ് അസോസിയേഷനുകളും വഹിച്ച പങ്ക് വലുതാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിത, വി.ഇ.ഒ സൈജു എന്നിവർ പറഞ്ഞു.