
വക്കം: ഹാവൻസ് ഇന്റർനാഷണൽ സംഘടനയും, തെലുങ്കാന സാഹിത്യ അക്കാഡമിയും ഞെക്കാട് സ്കൂളിലെ ഗാന്ധി ദർശൻ ക്ലബും സംയുക്തമായി മൂന്ന് കവി സമ്മേളനങ്ങൾ ഒാൺലൈനായി സംഘടിപ്പിച്ചു. "ഗുരുപൂജ "എന്ന് പേരിട്ടിരുന്ന ആദ്യ സമ്മേളനത്തിൽ 31 കുട്ടികൾ ദേശീയ അന്തർദേശീയ കവിതകൾ അവതരിപ്പിച്ചു.
"കാവ്യകൗമുദി " എന്ന രണ്ടാമത്തെ പ്രോഗ്രാമിൽ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾ തങ്ങളുടെ സ്വന്തം കവിതകൾ തെലുങ്കാന സാഹിത്യ അക്കാഡമി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിച്ചു. ഞെക്കാട് സ്കൂളിലെ ദേവദത്ത, അമീഷ, വിസ്മയ, വേദിക, സങ്കീർത്തന, മീനാക്ഷി എന്നീ ആറു ബാല കവികളും ഇതിൽ പങ്കെടുത്തു. കവി സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ കുട്ടിക്കവികൾക്കും 'ഹാവൻ ' എന്ന ആഗോള കാവ്യ സംഘടനയുടെ ഭാരവാഹികൾ സ്കൂളിലെത്തി പുസ്തകങ്ങൾ സമ്മാനിച്ചു. ഹാവൻസ് ഇന്റർനാഷണലിന്റെ കേരള കൺവീനർ ബാലചന്ദ്രൻ നായർ, പ്രമുഖ കവികളായ വിജയൻ പാലാഴി, വിതുര അശോക് എന്നിവർ ഞെക്കാട് സ്കൂളിലെ ബലകവികളെ അനുമോദിക്കുകയും കുട്ടികൾക്കും ലൈബ്രറിയിലേക്കും പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. ഹെഡ്മാസ്റ്റർ സന്തോഷ് നാരായണന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ കെ.കെ. സജീവ്, പി.ടി.എ പ്രസിഡന്റ് ജി. രാജീവ് എന്നിവർ ആശംസകളറിയിച്ചു. ഗാന്ധി ദർശൻ കൺവീനർ സ്നേഹ എസ്.ഡി സ്വാഗതവും ലൈബ്രറി ചുമതലയുള്ള ഷിംന എം.എസ് നന്ദിയും പറഞ്ഞു.