
നെടുമങ്ങാട്: വൈവിദ്ധ്യങ്ങളായ കാർഷികവിളകൾക്ക് പേരുകേട്ട ആനാട് പഞ്ചായത്തിൽ കോരിച്ചൊരിയുന്ന പെരുമഴയെ അതിജീവിച്ച് വിളവെടുത്തത് ചൈനീസ് കാബേജിന്റെ നൂറുമേനി. വേനൽക്കാലത്ത് മാത്രമേ പച്ചക്കറി വിളവാകൂ എന്ന നാട്ടറിവിനെ പഴങ്കഥയാക്കിയാണ് രണ്ടരസെന്റിലെ കൃഷിയിടത്തിൽ ചൈനീസ് കാബേജ് കൗതുകമാകുന്നത്. പെരുമാൾ എന്ന യുവ എൻജിനിയറുടെ തോട്ടത്തിലാണ് പച്ചക്കറിയിലെ വിദേശരുചി സമൃദ്ധമായി വിളഞ്ഞത്. ആദ്യമായാണ് തോട്ടത്തിൽ ചൈനീസ് കാബേജ് കൃഷി ചെയ്തതെന്നാണ് കർഷകൻ പറയുന്നത്. കോളിഫ്ലവർ, പയർ ഇനങ്ങൾക്കും ഇവിടെ മികച്ച വിളവ് ലഭിച്ചിട്ടുണ്ട്. മഴയത്ത് പലവട്ടം വിതച്ചാണ് അപൂർവ വിളവിന് പശ്ചാത്തലമൊരുക്കിയത്.
പച്ചക്കറിക്ക് തീവിലയുള്ള സാഹചര്യത്തിൽ പെരുമാളിന്റെ വിജയഗാഥ മറ്റു കർഷകർക്കും ആവേശം പകരുന്നുണ്ട്. കൃഷിവകുപ്പിന്റെ പദ്ധതിയായ 'സമഗ്ര പച്ചക്കറിക്കൃഷി ദൗത്യത്തിന്റെ' ഭാഗമായി ആരംഭിച്ചതാണ് പെരുമാളിന്റെ മാതൃകാകൃഷി. രണ്ടര സെന്റിലെ കൃഷിക്ക് അമ്പതിനായിരം രൂപ ആനുകൂല്യമായി കൃഷിവകുപ്പിൽ നിന്ന് ലഭിച്ചിരുന്നു. മഴയത്തെ കൃഷി വിജയം കാണാൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജയുടെയും കൃഷി ഓഫീസർ എസ്. ജയകുമാറിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൃഷിയിടം സന്ദർശിച്ചു. കൃഷി ഓഫീസർ സമഗ്ര പദ്ധതി പരിചയപ്പെടുത്തി. കൃഷി അസിസ്റ്റന്റുമാരായ എസ്.എസ്. രാജി, ടി.എസ്. രമ്യ, വി.ഡി.എം സ്റ്റാഫ് അനീഷ തുടങ്ങിയവർ പങ്കെടുത്തു.