kallambalam-jn

വക്കം: കല്ലമ്പലം പട്ടണത്തിൽ സമഗ്രമായ ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കണമെന്നവശ്യം ശക്തം.നാട്ടിൽ നിരവധി ട്രാഫിക്ക് പരിഷ്കാരങ്ങൾ ഏർപ്പെടുത്തിട്ടുണ്ടങ്കിലും ഇതൊന്നും കല്ലമ്പലത്ത് ഇനിയും എത്തിയിട്ടില്ല.തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യഭാഗത്തെ പ്രധാന പട്ടണം. ദേശീയ പാതയിലൂടെ വരുന്നവർക്ക് ശിവഗിരിയുടെ പ്രവേശന കവാടമാണ് കല്ലമ്പലം. ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലം. ദേശീയ പാതയേയും, എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന നിരവധി ഉപ റോഡുകൾ.എന്നാൽ യാത്രക്കാർക്കോ, വാഹനങ്ങൾക്കോ വേണ്ട യാതൊരു അടിസ്ഥാന സൗകരങ്ങളും ഇന്നും കല്ലമ്പലത്തില്ല. അമിത വേഗതയും അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ഇവിടെ യാതൊരു സംവിധാനവും നിലവിലില്ല. വേണ്ടത്ര കാത്തിരിപ്പ് കേന്ദ്രങ്ങളുമില്ല. ടൗൺ ഉൾപ്പെട്ട ചാത്തമ്പറ മുതൽ കടമ്പാട്ട് കോണം വരെയുള്ള ഭാഗങ്ങളിൽ ഒരിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകളും ഇല്ല. വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ദിശാബോർഡുകളും കാണാനില്ല. പട്ടണത്തിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല. കല്ലമ്പലം ടൗണിലെ പകൽ സമയങ്ങളിൽ വ്യാപകമായ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ ആരും തന്നെയില്ല. സീബ്രാലൈനുകൾ കാണാനില്ല. കല്ലമ്പലം ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യം ശക്തമാണ്.