dec05c

ആറ്റിങ്ങൽ: എലിപ്പനി ബാധിച്ച് മരിച്ച ആറ്റിങ്ങൽ അമ്പലംമുക്ക് പറങ്കിമാംവിള വീട്ടിൽ സുജാഹുദ്ദീന്റെ കുട്ടികളുടെ പഠനത്തിനായി ഒരു മാസത്തെ ശമ്പളം നൽകി വാർഡ് കൗൺസിലർ കെ.ജെ. രവികുമാർ മാതൃകയായി.

കൂലിപ്പണിക്കാരനായ സുജാഹുദ്ദീന്റെ എക വരുമാനത്തിലായിരുന്നു ഭാര്യയും നാലുമക്കളും ജീവിച്ചിരുന്നത്. ഗൃഹനാഥന്റെ അകാല മരണത്തോടെ കുടുംബം അനാഥരായി. കുട്ടികളുടെ പഠനം വഴിമുട്ടിയെന്ന് മനസിലാക്കിയാണ് വാർഡ് കൗൺസിലർ തന്റെ ഒരുമാസത്തെ ശമ്പളം മുഴുവൻ കുടുംബത്തിന് നൽകിയത്. കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങളും വാങ്ങി നൽകി. പുതിയ വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് സുജാഹുദ്ദീൻ മരണമട‍ഞ്ഞത്.അടുത്ത ലൈഫ് ഭവന പദ്ധതിയിൽ ഈ കുടുംബത്തിന് വീട് ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും കുട്ടികളുടെ തുടർപഠനത്തിന് സഹായിക്കാൻ അവനവ‍ഞ്ചേരി ഗവ. എച്ച്.എസിലെ അദ്ധ്യാപക സംഘടന തയ്യാറായിട്ടുണ്ടെന്നും രവികുമാർ പറഞ്ഞു.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ,​ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെ.ആർ. ശ്രീരാഗ്,​ അമ്പലംമുക്ക് ബൂത്ത് പ്രസിഡന്റ് പ്രസന്നകുമാർ,​ കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് സാബു നീലകണ്ഠൻ നായർ,​ ഷാഫി,​ രാഹുൽ രാജ്,​ ഷബ്നാഷ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.