
നെടുമങ്ങാട്: പൊതുവിദ്യാലയ സംരക്ഷണം മുഖ്യഅജണ്ടയായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴും രണ്ടുനൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന നെടുമങ്ങാട് ടൗൺ എൽ.പി.എസിന് പറയാൻ അവഗണനയുടെ കഥകൾ മാത്രം.
സ്ഥലപരിമിതിക്കൊപ്പം ക്ലാസ് മുറികളുടെയും സ്കൂൾ ബസിന്റെയും കുറവും ഭക്ഷണപ്പുരയുടെ അഭാവവുമാണ് ഈ വിദ്യാലയ മുത്തശ്ശിയെ വലയ്ക്കുന്നത്.
സർക്കാർ നേരിട്ട് പ്രീപ്രൈമറി വിഭാഗം നടത്തുന്ന നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏക വിദ്യാലയം എന്ന പരിഗണനയും സ്കൂളിന് തുണയാകുന്നില്ല.
സ്കൂൾ ഉദ്യാനമായി ഉപയോഗിച്ചിരുന്ന സ്ഥലം പാതയോര ശുചിമുറി നിർമ്മാണത്തിനായി നഗരസഭ ഏറ്റെടുത്തു. ഇതിനെതിരെ
പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് സ്കൂൾ സംരക്ഷണ പ്രവർത്തകർ. ജീർണാവസ്ഥയിലായ പ്രധാന കെട്ടിടങ്ങൾ ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവ അടച്ചിട്ട ശേഷം പ്രീ പ്രൈമറി വിഭാഗത്തിനായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് നിലവിൽ അദ്ധ്യയനം നടക്കുന്നത്.
തിരുവിതാംകൂറിലെ തിളക്കമുള്ള ഏട്
കുടികിടപ്പുകാരായ കർഷക തൊഴിലാളികളുടെ മക്കൾക്കായി കൊല്ലവർഷം 995ൽ റാണി സേതുലക്ഷ്മി ഭായിയാണ് ഈ സരസ്വതീ ക്ഷേത്രത്തിന് തുടക്കംകുറിച്ചതെന്ന് ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രന്റെ നെടുമങ്ങാടൻ ചരിത്ര ഏടുകളിലുണ്ട്. തമിഴ്, മലയാളം, കണക്ക് വിഷയങ്ങൾ പഠിപ്പിക്കാൻ വാദ്ധ്യാരെ നിയമിച്ചുകൊണ്ടുള്ള 'നീട്ട് ' അഥവാ ഉത്തരവ് തിരുവിതാംകൂർ പുരാവസ്തുശേഖരത്തിലും കാണാം. 1870 ൽ ആയില്യം തിരുനാളാണ് മറ്റൊരു ഉത്തരവിലൂടെ കുടിപ്പള്ളിക്കൂടം ഇന്നത്തെ നിലവാരത്തിലേക്ക് ഉയർത്തിയത്. കോയിക്കൽ കൊട്ടാരം നിർമ്മിച്ച് ഉമയമ്മ റാണി നെടുമങ്ങാട്ട് വാസം ഉറപ്പിച്ചത് വിദ്യാലയത്തിനും നേട്ടമായി. ഈറ്റയിലയിലും പുല്ലിലും മേഞ്ഞ ഷെഡുകൾ മാറി ഓടുമേഞ്ഞ നവീന കെട്ടിടങ്ങൾ വന്നു. കുട്ടികളുടെ എണ്ണത്തിനനുസൃതമായി കൂടുതൽ അദ്ധ്യാപകരുടെ നിയമനവും നടന്നു.
പറയാനേറെയുണ്ട്...
രാജനിർമ്മിത കെട്ടിടങ്ങൾ പിൽക്കാലത്ത് എ.ഇ.ഒയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പൂർവകാലത്തിന്റെ തിരുശേഷിപ്പുകളായ അപൂർവ കൊത്തുപണികൾ അടയാളപ്പെടുത്തിയ തടി ഉരുപ്പടികൾ ഈ കെട്ടിടങ്ങളിലുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെയും അടിയന്തരാവസ്ഥയുടെയും കാലത്ത് നെടുമങ്ങാട്ട് ഇടിമുഴക്കം സൃഷ്ടിച്ച ഒട്ടനവധി കൂട്ടായ്മകൾക്കും സമരപരമ്പരകൾക്കും സാക്ഷിയാണ് ഈ പൈതൃക വിദ്യാലയം. 175 പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പടെ 600 ലേറെ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.
സംരക്ഷണത്തിന് മുൻകൈ എടുത്ത് മന്ത്രി ജി.ആർ. അനിൽ
സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിൽ പൈതൃക വിദ്യാലയം സന്ദർശിച്ചു. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള ക്ലാസ് മുറി നിർമ്മാണം അടക്കം മൂന്ന് കോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ അധികൃതർക്ക് നിർദേശവും നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പി.ടി.എ പ്രസിഡന്റുമായ ബി. സതീശനെയും നഗരസഭ സെക്രട്ടറി ഷെറിയെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
''സ്കൂൾ സംരക്ഷണത്തിൽ നഗരസഭ താത്‌പര്യം എടുക്കുന്നില്ലെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. കാലോചിതമായ മാറ്റങ്ങളോടെ സ്കൂളിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണും".
ബി. സതീശൻ (പി.ടി.എ പ്രസിഡന്റ്,
നഗരസഭ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർമാൻ)
''ഇരുന്നൂറാം വാർഷികം വിപുലമായി ആഘോഷിക്കും. മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല."
പി.ഡി. ലാലി
(പ്രഥമാദ്ധ്യാപിക)