തിരുവനന്തപുരം: 15 മാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്‌ടറി തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. നിയമരഹിതമായ രീതിയിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാവുന്നില്ലെങ്കിൽ ഫാക്‌ടറി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കാൻ സർക്കാർ ആവശ്യമായ നടപടി കൈക്കൊള്ളണം. സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ നിയമവിരുദ്ധമായ മാനേജ്മെന്റ് നടപടിയെ തിരുത്തുവാൻ സാധിക്കുകയുള്ളൂ. ഫാക്‌ടറി തുറന്നു പ്രവർത്തിക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് തൊഴിലാളികളുടെ പിന്തുണയുണ്ടാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു