
കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ മാർച്ച് 29ന് കൊടിയേറി ഏപ്രിൽ 8ന് ആറാട്ടോടെ സമാപിക്കുന്ന തിരുവാതിര മഹോത്സവം പൂർവാധികം ഭംഗിയായി നടത്താൻ ഇന്നലെ നടന്ന ഉത്സവ പൊതുയോഗം തീരുമാനിച്ചു.
കോലത്തുകര കൺവെൻഷൻ സെന്ററിൽ ഇന്നലെ നടന്ന പൊതുയോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 121 അംഗ ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ഉത്സവ കമ്മിറ്റി ജനറൽ കൺവീനറായി എസ്. സുധീഷ് കുമാറിനെ തിരഞ്ഞെടുക്കുകയും വിവിധ ഉത്സവ കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്‌തു.
ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും മരാമത്ത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ചടങ്ങുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാനും തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണത്തോടെ നിർദ്ദന കുടുംബങ്ങൾക്ക് ധനസഹായവും ചികിത്സാസഹായവും മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകളും ഏർപ്പെടുത്തും.
കോലത്തുകരയിൽ ശ്രീനാരായണഗുരുദേവൻ വിശ്രമിച്ചിരുന്ന ശ്രീനാരായണ ആശ്രമത്തിനോട് ചേർന്ന് ഗുരുവിന്റെ രചനകൾ ഉൾപ്പെടുത്തിയുള്ള പുതിയ ലൈബ്രറി ഒരുക്കാൻ തീരുമാനിച്ചതായി കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി. ശിവദാസനും സെക്രട്ടറി എസ്. സതീഷ് ബാബുവും പറഞ്ഞു.