
നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റയും അമരത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും വിവിധ കർമ്മ പരിപാടികളുടെ സമാരംഭവും ആഘോഷമാക്കി നെടുമങ്ങാട് യൂണിയൻ. പഴകുറ്റിയിലെ യൂണിയൻ ആസ്ഥാനത്ത് സജ്ജമാക്കിയ ബിഗ് സ്‌ക്രീനിൽ ചടങ്ങുകൾ വീക്ഷിച്ച് യൂണിയൻ, ശാഖാ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം പ്രവർത്തകരും ഭാരവാഹികളും ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കുചേർന്നു. ഗുരുദേവ പ്രാർത്ഥനക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ചടങ്ങുകൾ വീക്ഷിച്ച യോഗം പ്രവർത്തകർ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടാണ് മടങ്ങിയത്. എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഗുരുദേവ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർമാരായ അഡ്വ. പ്രദീപ് കുറുന്താളി, ജെ.ആർ ബാലചന്ദ്രൻ, കമ്മിറ്റി അംഗംങ്ങളായ അഡ്വ.ശ്രീലാൽ, ഗോപാലൻ റൈറ്റ്, ഷിജു വഞ്ചുവം, അജയകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നന്ദിയോട് രാജേഷ്, വനിതാസംഘം പ്രസിഡന്റ് ലതാകുമാരി, സെക്രട്ടറി കൃഷ്ണാ റൈറ്റ്, വിവിധ ശാഖ ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ്- വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.