poovar

 മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: കൊച്ചിയിൽ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ വിവാദത്തിന് പിന്നാലെ, തിരുവനന്തപുരത്തെ ആഡംബര റിസോർട്ടിൽ നടന്ന ലഹരിപാർട്ടിക്കിടെ യുവതിയുൾപ്പെടെ 17 പേരെ എക്‌സസൈസ് എൻഫോഴ്മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയുൾപ്പെടുയുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി നടത്തിപ്പുകാരായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കൊലക്കേസ് പ്രതി പീറ്റർ ഷാൻ, അതുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു.

പീറ്റർ ഷാൻ വലിയതുറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതിയാണ്. രാത്രി വൈകി കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഇവിടെ പരിശോധന തുടരുകയാണ്.നഗരത്തിലെ പ്രമുഖരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോവളം, പൂവാറിന് സമീപം കാരയ്‌ക്കാട്ടെ റിസോർട്ട് വാടകയ്ക്കെടുത്താണ് 'നിർവാണ മ്യൂസിക് ഫെസ്റ്റിവൽ" എന്ന പേരിലാണ് ഡി.ജെ പാർട്ടി നടത്തിയത്.

ശനിയാഴ്ച വൈകിട്ട് ആറിനാണ് പാർട്ടി തുടങ്ങിയത്. പാർട്ടിയിൽ വൻതോതിൽ നിരോധിക്കപ്പെട്ട മയക്കുമരുന്നുപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം ഇന്നലെ രാവിലെ പതിനൊന്നിന് റിസോർട്ടിൽ പരിശോധനയ്‌ക്കെത്തിയത്. വീക്കെന്റ് പാർട്ടിയായി നടത്താനായിരുന്നു പദ്ധതി. പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകളഅടക്കം സജ്ജമാക്കിയിരുന്നു.

 പരിശോധന ഡി.ജെ പാർട്ടിയ്‌ക്കിടെ

എക്സൈസ് പരിശോധനയ്‌ക്കെത്തുമ്പോഴും റിസോർട്ടിൽ പാർട്ടി നടക്കുകയായിരുന്നു. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ചുള്ള കൂട്ടായ്മ വഴിയാണ് പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുത്ത നൂറോളം പേരും ലഹരി ഉപയോഗിച്ചെന്നാണ് വിവരം. ഇത് സ്ഥിരീകരിക്കാനും പങ്കെടുത്തവരെ കണ്ടെത്താനും റിസോർട്ടിലെ സി.സി.ടിവിയുടെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. പിടിയിലായവരുടെ വൈദ്യ പരിശോധനയടക്കം നടത്തിയാലെ ലഹരി ഉപയോഗിച്ചോ എന്ന് വ്യക്തമാകൂ. റിസോർട്ടിൽ വിശാലമായ സ്ഥലമാണ് പാർട്ടിക്കായി ഒരുക്കിയിരിക്കുന്നത്. ഒരാളിൽ നിന്ന് ആയിരം രൂപയിലധികം വാങ്ങിയായിരുന്നു പ്രവേശനം. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ ആവശ്യത്തിനനുസരിച്ച് ലഹരി വസ്തുക്കളെത്തിക്കും.

മദ്യത്തിനും ലഹരിക്കുമായി പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. പാർട്ടിയിൽ പങ്കെടുത്തവർ, ലഹരി വസ്തുക്കൾ എത്തിച്ചവർ എന്നിവരെക്കുറിച്ച് എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.