പോത്തൻകോട്: പോത്തൻകോട് ബ്ളോക്ക് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. മലയിക്കോണം സുനിൽ (എൽ.ഡി.എഫ്), സാജൻലാൽ ( യു.ഡി.എഫ്), എസ്. രാജീവ് (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ളത്. ഡിവിഷൻ അംഗവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന എം. ശ്രീകണ്ഠൻ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കർഷക തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി, ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂണിയൻ മംഗലപുരം ഏരിയാകമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നയാളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മലയിക്കോണം സുനിൽ. കഴിഞ്ഞ തവണ മത്സരിച്ച സാജൻലാലാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് സാജൻലാൽ. എസ്. രാജീവ് തന്നെയായിരുന്നു കഴിഞ്ഞ തവണയും ഇവിടെ ബി.ജെ.പിക്കായി മത്സരിച്ചത്.
പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പ്ലാമൂട്, അയിരൂപ്പാറ, പോത്തൻകോട് ടൗൺ, പുലിവീട്, കരൂർ, കാട്ടായിക്കോണം, മേലേവിള, ഇടത്തറ എന്നീ വാർഡുകൾ ഉൾപ്പെട്ടതാണ് പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ. കഴിഞ്ഞതവണ എം. ശ്രീകണഠൻ 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.