തിരുവന്തപുരം: പൂവാറിലെ കാരക്കാട്ട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയിൽ എക്സൈസ് സംഘമെത്തിയത് സിനിമാ സ്റ്റൈലിൽ. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘത്തിലെ രണ്ടുപേർ ഇന്നലെ രാവിലെ സോർട്ടിൽ വിനോദ സഞ്ചാരികളെന്ന വ്യാജേന എത്തിയിരുന്നു. ഇവർ സംഘാടകർക്ക് സംശയം തോന്നാതെ പരിസരവും നടന്ന ആഘോഷ പാർട്ടിയും നിരീക്ഷിച്ചു. ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെ വിവരം സ്ക്വാഡിലെ മറ്റുള്ളവരെ അറിയിച്ച് ഇവരെ റിസോർട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

റിസോർട്ട് ദ്വീപിലായതിനാൽ ബോട്ടിലായിരുന്നു എക്സൈസ് സംഘം എത്തിയത്. പിടിയിലായപ്പോഴും പലരും ലഹരിയുടെ ഉന്മാദത്തിലായിരുന്നു. ഇത് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിന് തടസമായി. വൈകിട്ട് ആറോടെയാണ് പ്രതികളുമായി എക്സൈസ് സംഘം റിസോർട്ടിൽ നിന്ന് മടങ്ങിയത്. പല സെക്ഷനുകളിലാണ് റിസോർട്ടിൽ പാർട്ടി നടത്തിയിരുന്നത്. ശനിയാഴ്ച രാത്രി എത്തിയ ഭൂരിഭാഗം പേരും പുലർച്ചെയോടെ സ്ഥലം വിട്ടിരുന്നു. അവശേഷിച്ചവരാണ് കസ്റ്റഡിയിലായത്. ഇവർക്ക് ഭക്ഷണം പാകം ചെയ്യാനും ആളുകളെ സജ്ജമാക്കിയിരുന്നു.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോർട്ടുകളിലും റേവ് പാർട്ടികൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചില കേന്ദ്രങ്ങൾ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഇത് നിലച്ചിരുന്നെങ്കിലും വീണ്ടും സജീവമായെന്ന് എക്സൈസ് സി.ഐ ടി. അനികുമാർ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനിൽകുമാർ, ജി. കൃഷ്ണകുമാർ, ടി.ആർ. മുകേഷ് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ആർ.ജി. രാജേഷ്, കെ.വി. വിനോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, ബിജു, വിബിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷാനിഭ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.