വിതുര: വിതുര പഞ്ചായത്തിലെ വിതുര, മണിതൂക്കി വാ‌ർഡുകളുടെ പരിധിയിൽപ്പെടുന്ന കളിയിക്കൽ ഗ്രാമം വെള്ളത്തിൽ മുങ്ങുന്നതിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് കേരളകൗമുദിയോട് പറഞ്ഞു. മഴപെയ്താൽ ഗ്രാമം വെള്ളത്തിൽ മുങ്ങുന്നതു സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതർ ഉണർന്നത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പ്രദേശത്തുകൂടി ഒഴുകുന്ന തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും സമീപത്തെ റോഡ് ടാറിംഗിനുമായി 26 ലക്ഷം രൂപയാണ് അനുവദിച്ചത്.

വർഷങ്ങളായി മഴസമയങ്ങളിൽ കളിയിക്കൽ പ്രദേശം വെള്ളത്തിനടിയിലാണ്. സമീപത്തെ തോട് കരകവിഞ്ഞൊഴുകുന്നതാണ് ഇതിന് കാരണം. വർഷങ്ങൾക്ക് മുമ്പ് ചെറിയൊരു കൈത്തോടായിരുന്ന ഭാഗം കാലാന്തരത്തിൽ പുഴയ്ക്ക് സമാനമാണ്. ഓരോ മഴ കഴിയുമ്പോഴും തോടിന്റെ വിസ്തൃതി വർദ്ധിക്കുകയാണ്. തോടിന് സമീപത്തെ കരഭാഗം ഇടിയുന്നതിനാൽ റോഡിന്റെ വീതി നഷ്ടപ്പെടുന്നതും മറ്രൊരു പ്രശ്നമാണ്. വീതിക്കുറവ് കാരണം വാഹനങ്ങൾ തോട്ടിലേക്ക് പതിച്ച സംഭവവും ഉണ്ടായി. തോടിലെ വെള്ളം കരകവിഞ്ഞൊഴുകുന്നതിനാൽ കാർഷികവിളകൾ നശിക്കുന്നതും കൃഷിഭൂമി ഒലിച്ചുപോകുന്നതും പതിവായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദി വാർത്ത.

റോഡ് ടാറിംഗ് നടത്തും

കളിയിക്കൽ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ അനുവദിച്ചതിൽ 14 ലക്ഷം രൂപ തോടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ്. വാർഡംഗത്തിന്റെ വിഹിതമായി 5 ലക്ഷം രൂപയും പഞ്ചായത്ത് 9 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൂടാതെ റോഡ് റീടാറിംഗിനായി 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.