
വർക്കല: വർക്കല പാപനാശം ടൂറിസം മേഖലയിലെ പ്രധാന റോഡുകളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനൊപ്പം അമിതവേഗതയും ലഹരി ഉപയോഗവുമെല്ലാം വില്ലനാകുമ്പോൾ 10 ജീവനുകളാണ് രണ്ടുമാസത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞത്. നിരവധിപേർ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. പരിക്കുകൾ നിസരമായതിനാൽ പുറത്തറിയാതെപോയ അപകടങ്ങളും ഏറെയാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും.
ജനാർദനപുരം-കുരയ്ക്കണ്ണി റോഡിൽ ഗസ്റ്റ് ഹൗസിനു സമീപം കൊട്ടാരം വളവിൽ കഴിഞ്ഞദിവസവും നിയന്ത്രണംവിട്ട കാർ നടപ്പാതയിലെ സുരക്ഷാവേലി ഇടിച്ചുതകർത്തു. എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ മാർച്ചിലും നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി ഇവിടെ സുരക്ഷാവേലി തകർന്നിരുന്നു. കഴിഞ്ഞമാസം 24ന് രാത്രി ഈ ഭാഗത്തുണ്ടായ ബൈക്കപകടത്തിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. കുരയ്ക്കണ്ണി മഗ്ലാളമുക്ക് റോഡിൽ നിയന്ത്രണം തെറ്റിയ കാർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമായ സംഭവവും ഉണ്ടായി.
വില്ലനായി റോഡിന്റെ വീതിക്കുറവ്
ഹെലിപാഡിലേക്കു തിരിയുന്ന കൊച്ചുവിളമുക്ക് മുതൽ ഗസ്റ്റ് ഹൗസിനു സമീപത്തെ കൊട്ടാരം വളവുവരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. അവധി ദിവസങ്ങളിൽ ഹെലിപാഡിലേക്കും ബീച്ചിലേക്കും വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. നടപ്പാതയും വേലിയും നിർമിച്ചതോടെ കൊട്ടാരം വളവിൽ റോഡിനു വീതിക്കുറവുമുണ്ട്.
അശ്രദ്ധയും അമിതവേഗവും
രാത്രിയിൽ ബീച്ച്, റിസോർട്ട് മേഖലകളിൽ നിന്ന് പാർട്ടികളിലും മറ്റും പങ്കെടുത്ത് മടങ്ങുന്ന സംഘങ്ങൾ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. നടപ്പാതകൾ വന്നതോടെ കൊട്ടാരം വളവിൽ രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ ബുദ്ധിമുട്ടാണ്. എതിരേ വരുന്ന വാഹനങ്ങൾക്ക് അരികിലേക്ക് ഒതുക്കാനുള്ള ഇടവുമില്ല. ഇവിടെയാണ് അമിതവേഗതയിലെത്തുന്നവർ അഭ്യാസങ്ങൾ കാണിക്കുന്നത്. വളവുകഴിഞ്ഞ് പെട്ടെന്ന് മുന്നിൽപ്പെടുന്ന വാഹനങ്ങളിൽ നിന്നൊഴിവാകാൻ വെട്ടിത്തിരിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്.
നടപടികൾ പാളുന്നു
മേഖലയിൽ തെരുവുവിളക്കുകൾ കത്താത്തതും അപകടങ്ങൾക്കുള്ള പ്രധാന കാരണമാണ്. നടപ്പാത റോഡിൽ നിന്നുയർത്തി നിർമിച്ചതും വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. അപകടമൊഴിവാക്കാൻ റോഡിൽ ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കാത്തും അമിതവേഗതമൂലമുള്ള അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
അപകടമേഖലകൾ
01.തിരുവമ്പാടി
02.മഗ്ലാവ് മുക്ക്
03.ഹെലിപ്പാട് ജംഗ്ഷൻ
04.ഗസ്റ്റ് ഹൗസ്
05.കൊട്ടാരം വളവ്
06.കിളിത്തട്ട് മുക്ക്
07.ഇന്ദിരാ പാർക്ക്
08.വാവുകട ചന്ത റോഡ്
09. വർക്കല ക്ഷേത്രം പാത്രക്കുളം റോഡ് വളവ്
രണ്ട് മാസത്തിനിടെ: 10 മരണങ്ങൾ
പരിക്ക്: 12 കാൽനടയാത്രികർക്ക്
ഇരുചക്രവാഹന യാത്രികർ:25
"വർക്കല ടൂറിസം മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇത് തടയുന്നതിന് അധികൃതരുടെ കർശന ഇടപെടലുകൾ വേണം."
ഇലകമൺ സതീശൻ, ബി.ജെ.പിജില്ലാ വൈസ് പ്രസിഡന്റ്