
നെയ്യാറ്റിൻകര: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെ അട്ടിമറിച്ച് ലൈഫ് പദ്ധതിയാക്കി നടപ്പാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര നഗരസഭയിൽ ബി.ജെ.പിയുടെ ഉപരോധം. കഴിഞ്ഞ പദ്ധതിക്കാലയളവിൽ പി.എം.എ.വൈ -ലൈഫ് പദ്ധതിപ്രകാരം 4 ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും വീട് നിർമ്മിക്കാനായി നൽകിയിരുന്നത്. ഇതിൽ 2 ലക്ഷം രൂപ നഗരസഭാ വിഹിതവും ഒന്നരലക്ഷം കേന്ദ്രസർക്കാരിന്റെ പി.എം.എ.വൈ ഫണ്ടും 50000 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ പദ്ധതിയുടെ പേര് മാറ്രി മാനദണ്ഡങ്ങൾ പുതുക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പുതുക്കിയ മാനദണ്ഡപ്രകാരം 5 സെന്റ് ഭൂമിയിൽ താഴെയുള്ളവരെ മാത്രമാണ് ഇപ്പോൾ പദ്ധതിക്കായി പരിഗണിക്കുന്നത്. ഇത് അർഹരായവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അർഹരായവരുടെ വീടെന്ന സ്വപ്നം അട്ടിമറിക്കുന്ന പുതിയ പദ്ധതി മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചത്. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, വേണുഗോപാൽ, മരുതത്തൂർ ബിനു, കല ടീച്ചർ,അജിത,സുമ എന്നിവർ പങ്കെടുത്തു.