colonel-m-k-sree-harshan

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടറും ഇ​ൻഡോ-പാ​ക്​ യു​ദ്ധ​ത്തി​ൽ രജ്പുത്താന റൈഫിൾസിന്റെ 13ാം ബറ്റാലിയൻ കമാൻഡറും ആയിരുന്ന കേ​ണ​ൽ​ ​എം.കെ. ശ്രീ​ഹ​ർ​ഷൻ (93) അന്തരിച്ചു. ഇന്നലെ തിരുവനന്തപുരം കുമാരപുരത്ത് സ്വവസതിയായ ഹർഷത്തിൽ വാർദ്ധക്യസഹജമായ അസുഖം മൂലമായിരുന്നു മരണം. ഐക്യരാഷ്ട്ര അടിയന്തര സേനയുടെ (യു.എൻ.ഇ.എഫ് ) ഗാസയിലെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തിൽ ഫുൾ കേണൽ പദവിയിൽ പ്രമോഷൻ ലഭിച്ച ഇദ്ദേഹം 1980ൽ 28 വർഷത്തെ സർവീസിന് ശേഷം വിരമിച്ചു. 1982-1985 കാലയളവിൽ കേരള രാജ്യ സൈനിക് ബോർഡ് ഡയറക്ടറായി പ്രവർത്തിച്ചു. 1962ലെ ചൈനീസ് ഓപ്പറേഷൻസിലും 1965, 1971 ഇൻഡോ-പാക് ഓപ്പറേഷൻസിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഗംഗ ശ്രീഹർഷൻ. ബ്രിട്ടനിൽ ഓങ്കോളജി സർജനായ ഡോ.രാജ് ഹർഷനും ദുബായിൽ ബാങ്കിംഗ് മേഖലയിൽ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായ വിജയ് ഹർഷനുമാണ് മക്കൾ. മരുമക്കൾ: ഡോ.രമ ജ്യോതിർമയി, വീണ വിജയ്. മക്കൾ വിദേശത്തായതിനാൽ സംസ്കാര ചടങ്ങുകളുടെ തീയതി തീരുമാനിച്ചിട്ടില്ല.