photo

പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചിപ്പാടത്ത് കൃഷി അന്യമാകുന്നു. പ്രതിസന്ധികളിൽ പൊരുതിയ കർഷകർക്ക് തുടർന്നുവരുന്ന പ്രളയവും കൊവിഡും ഇരട്ടി പ്രഹരമാണ് നൽകിയത്.

അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്. നിലവിൽ ഇതിന്റെ പകുതിയോളം നിലംനികത്തി വാഴയും മരച്ചീനിയും വെറ്റില കൊടിയുമായി മാറി. ബാക്കിയുള്ള പാടശേഖരം തരിശായി കാടുകയറി കിടക്കുന്ന നിലയാണ് ഇപ്പോൾ. നിലം ഒരുക്കുന്നതിന് ട്രാക്ടർ ലഭ്യമല്ലാത്തതും ഉഴുതു കൃഷിയോഗ്യമാക്കാൻ തൊഴിലാളികളെ കിട്ടാത്തതുമാണ് പാടത്ത് കൃഷി അന്യമാകാൻ പ്രധാന കാരണം. ചില നിലമുടമകൾ കൃഷിഭൂമി പാട്ടത്തിന് നൽകിയെങ്കിലും അവിടെയും കൃഷി ചെയ്തിട്ടില്ല. ഞാറുനടീലിനും കളപിഴുതു നശിപ്പിക്കുന്നതിനും തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയായി. കൂടാതെ കാട്ടുപന്നി ശല്യവും അതിരൂക്ഷമാണ്. വർഷത്തിൽ മൂന്നു പ്രാവശ്യമാണ് കൃഷി ചെയ്തിരുന്നത്. ഇടവിളയായി കൃഷി ചെയ്തിരുന്ന പച്ചക്കറികളും നിലച്ച മട്ടാണ്. ചെല്ലഞ്ചി പാടശേഖരത്തോട് ചേർന്ന പനവൂർ പഞ്ചായത്തിലെ കരിഞ്ചയിൽ പാടശേഖരത്തിലെ കൃഷിക്കാർക്കായി സോളാർ സുരക്ഷാവേലി സ്ഥാപിച്ചുനൽകി കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. കാലവർഷത്തേയും കാട്ടുപന്നിയേയും പക്ഷികളേയും ചെല്ലഞ്ചിയിലെ കർഷകർ ഭീതിയോടെയാണ് കാണുന്നതെങ്കിലും കൃഷിഭവന്റെയും പഞ്ചായത്തിന്റെയും കൈത്താങ്ങ് ലഭിച്ചാൽ ഒരു നാടിന്റെ കാർഷിക സ്വപ്നങ്ങൾക്ക് വീണ്ടും ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കർഷകർ.